Kerala

ശിവഗിരി തീർഥാടനത്തിന് തുടക്കം; സ്വാമി സച്ചിദാനന്ദ പതാക ഉയർത്തി

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ അഷ്ടദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ള ശിവഗിരി തീർഥാടനത്തിന് തുടക്കം. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു പുറപ്പെട്ടിട്ടുള്ള തീർഥാടന പദയാത്രകൾ ഇന്നു രാത്രിയോടെ ശിവഗിരിയിൽ എത്തിച്ചേരും.

തീർഥാടന സമാപനം വരെ ചെമ്പഴന്തിയിലേക്കുള്ള പ്രവേശന കവാടങ്ങളായ ശ്രീകാര്യം, ചേങ്കോട്ടുകോണം, കാര്യവട്ടം, കാട്ടായിക്കോണം, മണ്ണന്തല, പോത്തൻകോട്, കഴക്കൂട്ടം എന്നിവിടങ്ങളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി ചെമ്പഴന്തിയിലേക്ക് അധിക സർവീസുകൾ നടത്തുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘവും ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. തീർഥാടകർ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ചെമ്പഴന്തി എസ്എൻ കോളജ് ഗ്രൗണ്ടിലും സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇന്ന് രാവിലെ 10ന് മന്ത്രി എംബി രാജേഷാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകുന്ന ചടങ്ങിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. അടൂർ പ്രകാശ് എംപി, രമേശ് ചെന്നിത്തല എംഎൽഎ എന്നിവരും പ്രസംഗിക്കും. 11.30ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനാകും.

നാരായണ ഗുരുകുല അധ്യക്ഷൻ സ്വാമി മുനിനാരായണ പ്രസാദിനെ ചടങ്ങിൽ ആദരിക്കും. ഉച്ചയ്ക്കു 2ന് ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി നാഷനൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഡയറക്ടർ ഡോ.അനന്തരാമകൃഷ്ണൻ അധ്യക്ഷനാകും. വൈകിട്ട് 5 ന് ശുചിത്വ, ആരോഗ്യ, ഉന്നതവിദ്യാഭ്യാസ സമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. വൈകിട്ട് 7ന് കലാപരിപാടികളുടെ ഉദ്ഘാടനം നടക്കും. ജനുവരി 1ന് ആണ് തീർഥാടനത്തിന്റെ സമാപനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button