‘ഇനിയും കണ്ടെത്താനുള്ളത് 130 പേരെ, ഇന്ന് 4 മൃതദേഹങ്ങൾ കിട്ടി’- മന്ത്രി രാജൻ

0

വയനാട് ദുരന്തത്തിൽ മരിച്ച നാല് പേരുടെ മൃതദേഹങ്ങൾ കൂടി ശനിയാഴ്ച ലഭിച്ചതായി മന്ത്രി കെ രാജൻ. ദുരന്തത്തിൽ ഇതോടെ 427 പേർ മരിച്ചതായി ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. ഇനിയും 130 പേരെ കണ്ടെത്താനുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ പുനരധിവാസം എത്രയും പെട്ടെന്നു സാധ്യമാക്കും. ജനകീയ തിരച്ചിൽ നാളെ വീണ്ടും ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.229 മൃതദേഹങ്ങളും 198 ശരീര ഭാ​ഗങ്ങളും ഉൾപ്പെടെ 427 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് മൂന്ന് മൃത​ദേഹങ്ങളും ഒരു മൃതദേഹ ഭാ​ഗവുമടക്കം നാല് മൃത​ദേഹങ്ങളാണ് ലഭിച്ചത്. ഇന്ന് ലഭിച്ച നാല് മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. 130 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കാണാതായ 119 പേരുടെ ബന്ധുക്കളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചു. 11 പേരുടേത് ഇനി കിട്ടാനുണ്ടെന്നും മന്ത്രി പറഞ്ഞു.

ചൂരൽ മലയിലെ ദുരന്തവുമായി ബന്ധപ്പെട്ട് 14 ക്യാമ്പുകളിലായി 599 കുടുംബങ്ങളിലെ 1784 പേരാണുള്ളത്. ഇതിൽ രണ്ട് ​ഗർഭിണികളായ സ്ത്രീകളും 437 കുട്ടികളും ഉൾപ്പെടും. ക്യാമ്പുകളിൽ താമസിക്കുന്നവരുടെ താത്കാലിക പുനരധിവാസത്തിനായി എൽഎസ്ജിയുടെ 41 കെട്ടിടങ്ങളും പിഡബ്ല്യുഡിയുടെ 24 കെട്ടിടങ്ങളും ഉൾപ്പെടെ 65 കെട്ടിടങ്ങൾ തയ്യാറായിട്ടുണ്ട്. 34 കെട്ടിടങ്ങൾ അറ്റകുറ്റ പണികൾക്കു ശേഷം ഉപയോ​ഗിക്കാമെന്നും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.286 വാടക വീടുകൾ ഉപയോ​ഗിക്കാവുന്ന വിധത്തിൽ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ കുട്ടികളുടെ വിദ്യാഭ്യാസം ആളുകളുടെ ജോലി സാധ്യത തുടങ്ങിയവയെല്ലാം പരി​ഗണിച്ച ശേഷമായിരിക്കും വാടക വീടുമായി ബന്ധപ്പെട്ട ധാരണയിൽ എത്തുക.

എല്ലാവരേയും ചേർത്തുള്ള സ്ഥിരമായ പുനരധിവാസമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സഹായം എത്രയും വേ​ഗം നൽകുമെന്നും മന്ത്രി പറഞ്ഞു. പുനർ നിർമാണ ആവശ്യകത വിലയിരുത്തുക ലക്ഷ്യത്തോടെ ദേശീയ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളുടെ നേതൃത്വത്തിൽ പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് ടീം ഓ​ഗസ്റ്റ് 19നു ദുരിത ബാധിത പ്രദേശം സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു. എസ്ഡിഎംഎയുടെ നേതൃത്വത്തിൽ അഞ്ചം​ഗ സംഘം ദുരിത ബാധിത പ്രദേശങ്ങളിലെ ദുരന്ത സാധ്യതകൾ അവലോകനം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here