സംസ്ഥാനത്ത് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർമാരുടെ വേതനം പരിഷ്കരിച്ചു. 60,000 രൂപയിൽ നിന്നും 70,000 രൂപയായിട്ടാണ് വർധിപ്പിച്ചത്. 01.01.2025 മുതൽ പ്രാബല്യത്തോടുകൂടിയാണ് വേതനം പരിഷ്ക്കരിച്ചത്. എൻഡിപിഎസ് കോടതി, എസ്സി/എസ്ടി കോടതി, അബ്കാരി കോടതി, പോക്സോ കോടതി, എൻഐഎ കോടതി എന്നീ പ്രത്യേക കോടതികളിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരാണ് ഗുണഭോക്താക്കൾ.
ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ഇത് കൂടാതെ സംസ്ഥാന ഒബിസി പട്ടികയിലെ 19-ാം ഇനമായ ‘ഗണിക’ എന്ന സമുദായ നാമം ‘ഗണിക/ഗാണിഗ’ എന്ന് മാറ്റം വരുത്താനും തീരുമാനിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശിപാർശ അംഗീകരിച്ച് 1958 ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവ്വീസ് റൂൾസ് പാർട്ട് 1 ഷെഡ്യൂൾഡ് ലിസ്റ്റ് 3ൽ ഉൾപ്പെട്ട സമുദായമാണിത്.
തിരുവനന്തപുരം തോന്നയ്ക്കലിൽ കേരള ലൈഫ് സയൻസ് ഇൻഡസ്ട്രീസ് പാർക്കി (KLIP) ന്റെ ബയോ 360 ലൈഫ് സയൻസ് പാർക്ക് – രണ്ടാം ഘട്ടത്തിൽ 215 കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രകാരം കൗൺസിൽ ഓഫ് സയന്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഡർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR – NIIST) ഇന്നൊവേഷൻ, ടെക്നോളജി, എന്റർപ്രണർഷിപ്പ് എന്നിവയ്ക്കായുള്ള സെന്റർ സ്ഥാപിക്കുന്നതിന് അനുമതിയും നൽകി. ഇതുകൂടാതെ 10 ഏക്കർ ഭൂമി 90 വർഷത്തിൽ കൂടാത്ത കാലയളവിലേക്ക് CSIR – NIIST ന് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ പാട്ടത്തിനു നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
റവന്യൂ വകുപ്പിലെ താത്കാലിക തസ്തികകൾക്ക് തുടർച്ചാനുമതിയും നൽകി. ലാൻഡ് ബോർഡിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന വിവിധ ഓഫീസുകളിലെ 688 താൽക്കാലിക തസ്തികകൾക്ക് 01.01.2025 മുതൽ 31.12.2025 വരെയാണ് തുടർച്ചാനുമതി നൽകിയത്. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി എന്ന സ്ഥാപനത്തിന് അനുവദിച്ച 20.7250 ഏക്കർ ഭൂമിയുടെ പാട്ടനിരക്കും സർക്കാർ പുതുക്കി നിശ്ചയിച്ചു. വാർഷിക പാട്ടനിരക്ക് സെന്റ് ഒന്നിന് ഒരു രൂപ നിരക്കിൽ 06.05.2014 മുതൽ 30 വർഷത്തേക്കാണ് പാട്ടം പുതുക്കി നിശ്ചയിച്ചത്.’കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ്’ പദ്ധതിക്ക് പുതുക്കിയ ഭാരനന്മതി നൽകുകയും ചെയ്തു. ജി.എസ്.ടി ഉൾപ്പെടെ 643.88 കോടി രൂപയുടെ ഭരണാനുമതിക്കാണ് അനുമതി. പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്തിലെ കൂട്ടുകടവ് റെഗുലേറ്റർ നിർമ്മാണ പ്രവൃത്തിയുടെ ബാലൻസ് മെക്കാനിക്കൽ പ്രവൃത്തികൾക്ക് DSR 2018+25% പ്രകാരമുള്ള പുതുക്കിയ എസ്റ്റിമേറ്റിനും അനുമതി നൽകി.
ഇവ കൂടാതെ കാസർഗോഡ് ബേദടുക്ക താലൂക്ക് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി സമർപ്പിച്ച 12 കോടി 68 ലക്ഷം രൂപയുടെ ടെൻഡറും അംഗീകരിച്ചു. ജല വിഭവ വകുപ്പിന്റെ കീഴിൽ ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി, വാത്തിക്കുടി, വണ്ണപുരം എന്നീ പഞ്ചായത്തുകളിൽ വാട്ടർ അതോറിറ്റിയുടെ വിവിധ പ്രവൃത്തികൾക്കായി സമർപ്പിച്ച 18 കോടി 7 ലക്ഷം രൂപയുടെ പ്രവൃത്തിക്കുള്ള ബിഡ് അനുവദിച്ചു.
കൊച്ചി കോർപ്പറേഷന്റെ കീഴിലെ ചളിക്കവട്ടം, തമ്മനം മേഖലകളിലെ വാട്ടർ അതോറിറ്റിയുടെ വിവിധ പ്രവൃത്തികൾക്കായി സമർപ്പിച്ച 1 കോടി 62 ലക്ഷം രൂപയുടെ ടെൻഡറിനും അനുമതി നൽകി. പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര, ഓമല്ലൂർ പഞ്ചായത്തുകളിലെ വാട്ടർ അതോറിറ്റിയുടെ വിവിധ പ്രവൃത്തികൾക്കായി സമർപ്പിച്ച 13 കോടി 33 ലക്ഷത്തിന്റെ ബിഡിനും അനുമതി നൽകി. എറണാകുളം കളമശ്ശേരി മുൻസിപ്പാലിറ്റിയിലെ വിവിധ പ്രവർത്തികൾക്കുള്ള 11 കോടി 95 ലക്ഷം രൂപയുടെ ടെൻഡറിനും അംഗീകാരം നൽകി.