
വി ഡി സതീശൻ്റെ മുഖ്യമന്ത്രിസ്ഥാനം കേരളം മുസ്ലീം ലീഗിന്റെ ഭരണത്തിലാകുമെന്നതിന്റെ സൂചനയാണെന്ന് ബിജെപി. മുസ്ലീം ലീഗിന്റെ സമ്മർദത്തെ തുടർന്നാണ് വി ഡി സതീശന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. കോൺഗ്രസിന്റെ ഹൈക്കമാൻഡ് പാണക്കാട് ഹൗസിലാണെന്നും ബിജെപി അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രതികരണം.
“അടുത്ത അഞ്ച് വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിലാകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിലൂടെ കോൺഗ്രസ് നൽകുന്നത്. കോൺഗ്രസ് എംഎൽഎമാരുടെ ഭൂരിപക്ഷ അഭിപ്രായം വി ഡി സതീശന് അനുകൂലമല്ലാതിരുന്നിട്ടും മുസ്ലീം ലീഗിന്റെ സമ്മർദം ഒന്നുമാത്രമാണ് വി ഡി സതീശൻ മുഖ്യമന്ത്രിയാകാൻ കാരണം. തങ്ങളുടെ പുതിയ ഒരു ‘മതജില്ല’ അടക്കമുള്ള ആവശ്യങ്ങൾ നേടിയെടുക്കാൻ ലീഗിന് വേണ്ടത് തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെയാണ്, അത് അവർ നേടിയെടുത്തു. അതെ, കോൺഗ്രസിന്റെ ഹൈക്കമാൻഡ് ഡൽഹിയിലല്ല, അത് പാണക്കാട് ഹൗസിലാണ്”.
അതേസമയം സമാന ആരോപണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും രംഗത്തെത്തി. മുസ്ലീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണ് വി ഡി സതീശന്റെ മുഖ്യമന്ത്രിസ്ഥാനമെന്നായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. മാനദണ്ഡങ്ങൾ പരിഗണിക്കുമ്പോൾ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയെ ആയിരുന്നു തെരഞ്ഞെടുക്കേണ്ടതെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തല തുടർച്ചയായി അവഗണന നേരിടുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് സുകുമാരൻ നായർ പ്രതികരിക്കാൻ തയ്യാറായില്ല.




