പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴ് ദിവസത്തിനകം പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കേരളം വിട്ടു പോകരുതെന്നുമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും ജാമ്യവ്യവസ്ഥയില്‍ പറയുന്നു.
മനഃപ്പൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്നു വേടന്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. വനംവകുപ്പ് ജാമ്യാപേക്ഷയെ എതിര്‍ത്തെങ്കിലും ഈ വാദങ്ങള്‍ തള്ളിയാണു കോടതി ജാമ്യം അനുവദിച്ചത്.
പുലിപ്പല്ല് നല്‍കിയത് ശ്രീലങ്കന്‍ വംശജനെന്നു വേടന്‍ നേരത്തേ പറഞ്ഞിരുന്നു. കസ്റ്റഡിയില്‍ പ്രാഥമിക പരിശോധനയില്‍ മാലയില്‍ നിന്നു കണ്ടെത്തിയ പല്ല് യഥാര്‍ഥ പുലിപ്പല്ല് തന്നെയാണെന്നാണു വനംവകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍, ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനായി പല്ല് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വരാനുള്ള കാത്തിരിപ്പിലാണു വനംവകുപ്പ്.
പുലിപ്പല്ല് ശരിക്കുള്ളതാണോ എന്നു തനിക്ക് വ്യക്തമല്ലെന്നും ആരാധകന്‍ സമ്മാനിച്ചതാണെന്നുമാണു വേടന്‍ പറഞ്ഞത്. രണ്ട് ദിവസത്തേക്കായിരുന്നു വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നത്. ഈ കാലാവധി പൂര്‍ത്തിയായതിനാലാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.