മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; അറസ്റ്റിലായ ചേന്തി അനിലിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്യും
മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതിന് അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്യും. ഇന്നുതന്നെ നടപടിയുണ്ടാകും എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വത്തിന്റെ നിർദേശം വന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുനിർത്തി പ്രതിഷേധിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഇന്ന് രാവിലെയാണ് ഡിസിസി അംഗമായ ചേന്തി അനിലിന്റെ അറസ്റ്റ് ശ്രീകാര്യം പൊലീസ് രേഖപ്പെടുത്തിയത്. ഇയാളെ രാവിലെതന്നെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ശേഷം 11 മണിയോടെ കോടതിയിൽ ഹാജരാക്കും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്‌ക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്.
ഇന്നലെ ചേന്തിയിൽ നടക്കാനിരുന്ന ചതയദിന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് വാഹനവ്യൂഹം തടഞ്ഞത്. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ കോണ്‍ഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുടെ വാഹനം തടയുകയായിരുന്നു. മുഖ്യമന്ത്രി കാറിൽ നിന്നിറങ്ങി എന്താണ് സംഭവമെന്ന് ചോദിച്ചു.
‘എന്താ പ്രശ്‌നം എന്താ? മര്യാദയ്ക്ക് സംസാരിച്ചോളണം’ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ ‘മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ എന്ത് ചെയ്യും?’ എന്നായിരുന്നു ചേന്തി അനിലിന്റെ മറുചോദ്യം.അതേസമയം, ചേന്തിയിലെ ചതയ ദിന പരിപാടിയിൽ പങ്കെടുക്കുമെന്ന് മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി സമ്മതിച്ചതാണെന്നാണ് അനിൽ അവകാശപ്പെടുന്നത്. അവസാനനിമിഷം വരെ അദ്ദേഹം വരുമെന്ന് പറഞ്ഞു.
ഇന്നലെ പൊലീസ് ഉദ്യോഗസ്ഥരെത്തി പരിശോധനയും നടത്തി. എന്നാൽ, ഉള്ളൂരിലെ കല്യാണ വീട്ടിലെത്തിയ മുഖ്യമന്ത്രി ചേന്തിയിലെ പരിപാടിയിൽ എത്തിയില്ല. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് കൈകാണിച്ചപ്പോൾ അദ്ദേഹം പുറത്തിറങ്ങി ക്ഷുഭിതനായാണ് സംസാരിച്ചത്. സംഘാടകർക്കൊപ്പമുണ്ടായിരുന്ന പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റിയെന്നും ചേന്തി അനിൽ പറഞ്ഞു.
Congress, kerala,vd satheesan,
incident-involving-the-blocking-of-the-chief-minister-congress-to-suspend-arrested-chenthy-anil


