NewsPolitics

യു.പിയിലെ തിരിച്ചടിക്ക് യോഗി മറുപടി പറയണം: ഡൽഹിയിലേക്ക് വിളിപ്പിച്ച് ബി.ജെ.പി

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബി.ജെ.പി നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. മുഴുവൻ സീറ്റും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സംസ്ഥാനത്ത് 33 സീറ്റിൽ ഒതുങ്ങേണ്ടി വന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം കുറഞ്ഞതും യോഗി ആദിത്യനാഥ് വിശദീകരിക്കേണ്ടി വരും.

ഇന്ന് വൈകിട്ട് 5 മണിക്ക് യോഗി ഡൽഹിയിൽ എത്തും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ​തുറുപ്പുചീട്ടായിരുന്നു അയോധ്യയിലെ രാമക്ഷേത്രം. നിർമാണം പൂർത്തിയാകും മുമ്പ് തന്നെ, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രാണപ്രതിഷ്ഠ നടത്തുകയും അത് രാജ്യമെങ്ങും വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും രാമക്ഷേത്രം ഉയർത്തിക്കാട്ടി ബി.ജെ.പി നേതാക്കൾ വോട്ട് തേടി.

എന്നാൽ, രാമക്ഷേത്രവും മോദിയുടെ വിദ്വേഷ പ്രസംഗവുമെല്ലാം അയോധ്യ ഉൾപ്പെട്ട ഫൈസാബാദ് മണ്ഡലത്തിൽ ബി.ജെ.പിയെ തുണച്ചില്ല. ഇവിടെ സമാജ്‍വാദി പാർട്ടിയുടെ അവദേശ് പ്രസാദാണ് 54,567 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. സിറ്റിങ് എം.പിയായിരുന്ന ബി.ജെ.പിയുടെ ലല്ലു സിങ്ങിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഒമ്പത് തവണ എം.എൽ.എയായിരുന്ന അ​വദേശ് ​പ്രസാദ് സമാജ്‍വാദി പാർട്ടിയുടെ ദലിത് മുഖമാണ്.

ബി.ജെ.പി ഭരണഘടന തിരുത്തുന്നുവെന്ന പ്രചാരണത്തിനൊപ്പം, തൊഴിലില്ലായ്മയേയും, ദാരിദ്രത്തെയും അഭിമുഖീകരിക്കുന്നതിൽ യോഗി സർക്കാറിന്റെ നിലപാടിനോടുള്ള ജനവിധിയെഴുത്തായിരുന്നു യു.പിയിൽ കണ്ടത്. വർഷങ്ങൾക്ക് ശേഷം യു.പിയിൽ കോൺഗ്രസ് ആറ് സീറ്റുകൾ നേടിയപ്പോൾ 80 ൽ 37 സീറ്റുകളാണ് എസ്.പി നേടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button