Kerala

മുസ്ലിം ലീഗിനെ ഇടതുമുന്നണിയില്‍ എടുക്കുമോ? ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

മുസ്ലിം ലീഗിനെ ഇടതുമുന്നണിയില്‍ എടുക്കുക മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ യുഡിഎഫ് എന്നു പറഞ്ഞാല്‍ ആരാണ്. യഥാര്‍ത്ഥത്തില്‍ അത് ലീഗിന്റെ ശക്തിയാണ്. അത്തരത്തില്‍ ഒരു മുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന കൂട്ടരെക്കുറിച്ച് വേണ്ടാത്ത ചിന്തകള്‍ നമ്മളാരും കൊണ്ടു നടക്കേണ്ടതില്ല എന്നാണ് തനിക്ക് പറയാനുള്ളത് എന്ന് മുഖ്യമന്ത്രി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്പ്രസ് ഡയലോഗ്‌സില്‍ പറഞ്ഞു.

പിണറായിയില്‍ തുടങ്ങി പിണറായിയില്‍ അവസാനിക്കും കേരളത്തിലെ കമ്യൂണിസം എന്ന വിമര്‍ശനം അഭിമുഖത്തിനിടെ ചൂണ്ടിക്കാട്ടിയപ്പോൾ, ചിലരുടെ ആഗ്രഹങ്ങളുടെ ഭാഗമായിട്ട് പറയുന്നതാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആഗ്രഹങ്ങള്‍ ചിലപ്പോള്‍ മനസ്സില്‍ വെക്കാതെ ഇങ്ങനെ പുറത്തു പറഞ്ഞുവെന്ന് വരും. അതിന്റെ ഭാഗമായിട്ട് പറയുന്നതാണ്. പാര്‍ട്ടിയുടെ കാര്യത്തില്‍ ഒരു ക്ഷീണവും വരാന്‍ പോകുന്നില്ല. നല്ല നിലയില്‍ തന്നെ മുന്നോട്ടു പോകും. മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന വാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യത്തിന്, ‘കേന്ദ്രമന്ത്രിസഭയാണോ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തിലെ കാബിനറ്റിനെക്കുറിച്ചാണെന്ന് സൂചിപ്പിച്ചപ്പോള്‍, ‘ഞാനത് അറിഞ്ഞിട്ടില്ല. ഞാന്‍ ആദ്യമായിട്ട് കേള്‍ക്കുകയാണ്. എനിക്കറിയില്ല’ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കര്‍ക്കശക്കാരനായ രാഷ്ട്രീയക്കാരനാണ്, രാഷ്ട്രീയക്കാരനുവേണ്ട ഡിപ്ലോമസിയൊന്നും കണക്കിലെടുക്കാതെ തോന്നുന്ന അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ആളാണല്ലോ താങ്കള്‍. അതു രാഷ്ട്രീയ ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടില്ലേയെന്ന ചോദ്യത്തിന് ‘എന്തായാലും ഇവിടം വരെ എത്തിയല്ലോ’ എന്നായിരുന്നു പിണറായി വിജയന്റെ മറുപടി.

ബോഡി വേസ്റ്റ് അടക്കമുള്ള പരാമര്‍ശങ്ങളൊന്നും തിരിച്ചടിയുണ്ടാക്കിയിട്ടില്ല. പൊതുസമൂഹത്തിനറിയാം വേറെ ദുരുദ്ദേശത്തോടെ പറയുകയല്ല എന്ന്. ദുരുദ്ദേശത്തോടെ കാര്യങ്ങള്‍ കാണുകയും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് അതിനകത്ത് മറ്റു തിരിച്ചടികള്‍ വരിക. നമ്മള്‍ കണ്ട കാര്യം പറയുന്നു എന്നു മാത്രം. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button