KeralaNews

മുഖ്യമന്ത്രി പ്രഖ്യാപനം ; ഇന്ന് എംഎല്‍എമാരുടെ മനസറിയും; കോണ്‍ഗ്രസ് നിരീക്ഷകര്‍ തലസ്ഥാനത്ത്

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികളുടെ ഭാഗമായി ബുധനാഴ്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചു. ഹൈക്കമാന്‍ഡ് നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച 10.30ന് കെപിസിസി ആസ്ഥാനത്താണ് ആദ്യ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുക. വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണനയിലുള്ളത്.

തുടര്‍ന്ന് എംഎല്‍എമാര്‍ക്ക് നിരീക്ഷകരെ കാണാനുള്ള അവസരമുണ്ടാകും. ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ ഓരോരുത്തരെ നേരില്‍ കാണും. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള അധികാരം കോണ്‍ഗ്രസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തിയുള്ള പ്രമേയം യോഗത്തില്‍ പാസാക്കും. എംഎല്‍എമാരുടെ അഭിപ്രായം ചോദിക്കുമെങ്കിലും അത് മാത്രമല്ല മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് ആധാരമാക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൊതുജനാഭിപ്രായം, ഘടകകക്ഷികളുടെ സ്വീകാര്യത, മുന്നണിയെ നയിക്കാനുള്ള കാര്യക്ഷമത, ഭരണപരിചയം തുടങ്ങി വിവിധവശങ്ങള്‍ കണക്കിലെടുത്തായിരിക്കും ഹൈക്കമാന്‍ഡ് തീരുമാനം.

അതിനിടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ.കെ ആന്റണി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുമായും ആശയവിനിമയം നടത്തിയേക്കും. വ്യാഴാഴ്ച തന്നെ കൂടിക്കാഴ്ച പൂര്‍ത്തിയാക്കാനാണ് ശ്രമം. ഇവര്‍ ഡല്‍ഹിയിലെത്തി എഐസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ എന്നിവരെ ഡല്‍ഹിക്ക് വിളിപ്പിക്കും. നിരീക്ഷകരുടെ റിപ്പോര്‍ട്ടിന് പുറമേ, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്വീകരിച്ചതിന് സമാനമായി ജനവികാരം മനസ്സിലാക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും വിവരമുണ്ട്. ഞായറാഴ്ച ഹൈക്കമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button