Kerala

പ്രതിസന്ധി വന്നപ്പോള്‍ പ്രസ്ഥാനം തിരിഞ്ഞുനോക്കിയില്ല; അനിലിന്റെ മരണത്തില്‍ സന്ദീപ് വാര്യര്‍

കൊച്ചി: തിരുമല കൗണ്‍സിലര്‍ കെ അനില്‍കുമാറിന്റെ മരണത്തില്‍ ബിജെപിക്കെതിരെ മുന്‍ ബിജെപി നേതാവും കോണ്‍ഗ്രസ് വക്താവുമായ സന്ദീപ് വാര്യര്‍. പ്രതിസന്ധി വന്നപ്പോള്‍ പ്രസ്ഥാനം തിരിഞ്ഞുനോക്കിയില്ലെന്നും ഈ മരണത്തിന്റെ ഉത്തരവാദികള്‍ മാരാര്‍ജി ഭവനിലുണ്ടെന്നും സന്ദീപ് വാര്യര്‍ കുറിച്ചു. അനില്‍ അധ്യക്ഷനായ വലിയശാല ടൂര്‍ സൊസൈറ്റിയില്‍ സാമ്പത്തിക പ്രശ്‌നം ഉണ്ടായപ്പോള്‍ പാര്‍ട്ടി സഹായിച്ചില്ലെന്നും മാനസിക സമ്മര്‍ദ്ദത്തിലാണ് അനില്‍ ജീവനൊടുക്കിയതെന്നും ആരോപണം ഉണ്ട്. ഇതിനിടെയാണ് ബിജെപിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി സന്ദീപ് വാര്യര്‍ രംഗത്തെത്തുന്നത്.

‘താന്‍ കാരണം ഉണ്ടായ പ്രതിസന്ധി അല്ലെങ്കില്‍ പോലും അഭിമാനിയായ അനിച്ചേട്ടന്‍ പലിശക്ക് പണമെടുത്ത് സൊസൈറ്റിക്കുണ്ടായ ബാധ്യത തീര്‍ക്കാനുള്ള ഓട്ടത്തിലായിരുന്നു. എന്നാല്‍ സൊസൈറ്റിയിലെ മറ്റു ഡയറക്ടര്‍മാരും അനിച്ചേട്ടന്‍ വിശ്വസിച്ച പ്രസ്ഥാനവും അദ്ദേഹത്തെ കൈവിട്ടു . പ്രതിസന്ധി വന്നപ്പോള്‍ പ്രസ്ഥാനം തിരിഞ്ഞു നോക്കിയില്ല. തിരുവനന്തപുരം നഗരസഭയില്‍ സിപിഎമ്മിന് നിത്യ തലവേദനയായിരുന്നു തിരുമല അനില്‍ . ഈ മരണത്തിന്റെ ഉത്തരവാദികള്‍ മാരാര്‍ജി ഭവനിലുണ്ട്’, സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സ്വന്തം ഓഫീസിനുള്ളിലാണ് തിരുമല അനിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുമല വാര്‍ഡ് കൗണ്‍സിലറായിരുന്നു. അനില്‍ ഭാരവാഹിയായ വലിയശാല ടൂര്‍ സൊസൈറ്റിയില്‍ സാമ്പത്തിക പ്രശ്‌നം ഉണ്ടായപ്പോള്‍ പാര്‍ട്ടി സഹായിച്ചില്ലെന്നും താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും അനിലിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് വിവരം. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ് തിരുമല അനില്‍. രണ്ടാഴ്ച മുന്‍പ് അനില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടിരുന്നുവെന്നും ബാങ്കിന്റെ ബാധ്യതയെക്കുറിച്ച് രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചിരുന്നതായാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button