Kerala

വയനാട് ഉപതെരഞ്ഞടുപ്പ്: സജ്ജീകരണങ്ങള്‍ പൂർത്തിയായി; ഉരുൾപ്പൊട്ടൽ ദുരന്ത ബാധിത മേഖലയിലെ വോട്ടർമാർക്കായി പ്രത്യേക ബൂത്തുകൾ

വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിനുള്ള സജ്ജീകരണങ്ങള്‍ പൂർത്തിയായി. ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിന്‌ സജ്ജമാക്കുന്നത്. ഇലക്‌ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളുടെ കമ്മീഷനിങ്ങ് നവംബർ ‍5 ന് നടക്കും. ഉരുൾപ്പൊട്ടൽ ദുരന്ത ബാധിത മേഖലയിലെ വോട്ടർമ്മാർക്കായി പ്രത്യേക ബൂത്തുകളൊരുക്കും.

മണ്ഡലത്തിൽ 1471742 വോട്ടര്‍മാരാണുള്ളത്. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകൾ പ്രത്യേക സുരക്ഷാപട്ടികയിലുണ്ട്. ഇവിടെയെല്ലാം വെബ്കാസ്റ്റിങ്ങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
മാനന്തവാടി സെന്‍റ് പാട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളേജ്, കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍, കൂടത്തായി സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍, മഞ്ചേരി ചുളളക്കാട് ജി.യു.പി സ്‌കൂള്‍, മൈലാടി അമല്‍ കോളേജ് എന്നിവിടങ്ങളിൽ‍ നിന്നാണ് വോട്ടിങ്ങ് സാമഗ്രികളുടെ വിതരണവും സ്വീകരണവും നടക്കുക.

മാനന്തവാടി നിയോജകമണ്ഡലത്തിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്കെഎംജെ സ്‌കൂള്‍ ജൂബിലി ഹാളിലും സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്ഡി എംഎല്‍പി സ്‌കൂളിലും, കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ എസ്കെഎംജെ സ്‌കൂളിലും തിരുവമ്പാടി മണ്ഡലത്തിലെ വോട്ടുകള്‍ കൂടത്തായി സെന്‍റ് മേരീസ് എല്‍പി സ്‌കൂളിലുമാണ് എണ്ണുക. ഏറനാട്, വണ്ടൂര്‍ , നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ അമല്‍ കോളേജ് മൈലാടി സ്‌കില്‍ ഡെവലപ്പ്‌മെന്‍റ് ബില്‍ഡിങ്ങിലും തപാല്‍ വോട്ടുകള്‍ കല്‍പ്പറ്റ എസ്കെഎംജെ സ്കൂളിലുമാണ്‌ എണ്ണുക.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ട് ബൂത്തുകള്‍ പ്രദേശത്തും 11ആം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിങ്ങ് ബൂത്ത് ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ പറഞ്ഞു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ അതീവ സുരക്ഷാ സംവിധാനങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. അന്തര്‍ സംസ്ഥാന സേനയും അന്തര്‍ ജില്ലാ സേനയും തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ജില്ലയിലെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button