KeralaNews

കുടിവെള്ള ടാങ്ക് തകര്‍ച്ച: തൃപ്പൂണിത്തുറയിലും, പേട്ടയിലും വെള്ളം മുടങ്ങും; പകരം സംവിധാനം ഒരുക്കും

എറണാകുളം തമ്മനത്ത് വാട്ടര്‍ അതോറിറ്റിയുടെ ഭീമന്‍ കുടിവെള്ള ടാങ്കിന്റെ തകര്‍ച്ച നഗരത്തിലെ കുടിവെള്ള വിതരണത്തെ സാരമായി ബാധിക്കും. തൃപ്പൂണിത്തുറ പ്രദേശത്ത് പൂര്‍ണമായും പേട്ടയില്‍ ഭാഗികമായും ജലവിതരണം മുടങ്ങുമെന്നാണ് വിലയിരുത്തല്‍. പാലാരിവട്ടം, എളമക്കര ഭാഗങ്ങളിലെ ജലവിതരണത്തെയും ബാധിക്കും. നാല്‍പത് വര്‍ഷത്തോളം പഴക്കമുള്ള കൂറ്റന്‍ ടാങ്കാണ് പുലര്‍ച്ചെ രണ്ട് മണിയോടെ തകര്‍ന്നത്. 1.35 കോടി ലിറ്റര്‍ ശേഷിയുള്ള ടാങ്കില്‍ വിള്ളല്‍ വീഴുമ്പോള്‍ ഏകദേശം 1.10 കോടി ലിറ്റര്‍ വെള്ളം ഉണ്ടായിരുന്നെന്നാണ് വിലയിരുത്തല്‍.

ജലവിതരണത്തിലെ പ്രതിസന്ധിയുള്‍പ്പെടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണെന്ന് ജില്ലാകലക്ടര്‍ ജി പ്രിയങ്ക അറിയിച്ചു. പതിനൊന്ന് മണിക്ക് ജലവിഭവ മന്ത്രി ഉള്‍പ്പെടെ പങ്കെടുക്കുന്ന യോഗം ചേരും. നാശ നഷ്ടങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗം പരിഗണിക്കുമെന്നും എറണാകുളം ജില്ലാ കലക്ടര്‍ ജി പ്രിയങ്ക അറിയിച്ചു. ടാങ്കിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. മറ്റ് ഭാഗം ഉപയോഗിച്ച് ജലവിതരണം പുനഃസ്ഥാപിക്കാനാണ് ശ്രമം. ഇതിനായി കൂടുതല്‍ പമ്പിങ് ഉള്‍പ്പെടെ നടത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ടാങ്കിന്റെ കാലപ്പഴക്കവും കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതുമാണ് തകര്‍ച്ചയ്ക്ക് ഇടയാക്കിയത് എന്നാണ് വിലയിരുത്തല്‍. സ്ഥലം സന്ദര്‍ശിച്ച തൃക്കാക്കര എംഎല്‍എ ഉമ തോമസും ഇക്കാര്യം ചൂണ്ടിക്കാട്ടി. ഓവര്‍ഫ്‌ലോ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും കാലപ്പഴക്കം കണക്കിലെടുക്കാതിരുന്നതാണ് വിനയായതെന്നും എംഎല്‍എ പറഞ്ഞു. കുടിവെള്ളം ക്ഷാമം ഉള്‍പ്പെടെ പരിഹരിക്കാന്‍ പകരം സംവിധാനം ഒരുക്കാന്‍ നിര്‍ദേശം നല്‍കി. മരട് നിന്നും വെള്ളം എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും എംഎല്‍എ അറിയിച്ചു. അതേസമയം, പകരം സംവിധാനം ഒരുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് കൊച്ചി മേയര്‍ എം. അനില്‍കുമാറും പ്രതികരിച്ചു. ടാങ്കിന്റെ സുരക്ഷ സംബന്ധിച്ച് മറുപടി പറയേണ്ടത് വാട്ടര്‍ അതോറിറ്റിയാണ്. നേരത്തെയും ടാങ്കില്‍ നിന്ന് വെള്ളം ഒഴുകിപ്പോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മേയര്‍ വെളിപ്പെടുത്തി.

ടാങ്കിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. മറ്റ് ഭാഗം ഉപയോഗിച്ച് ജലവിതരണം പുനഃസ്ഥാപിക്കാനാണ് ശ്രമമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതരും പറയുന്നു. ടാങ്കിന്റെ തകര്‍ച്ചയെ തുടര്‍ന്ന് പത്തോളം വീടുകളില്‍ രാത്രി വെള്ളം കയറിയിരുന്നു. പ്രദേശത്തെ മതിലുകള്‍ തകരുകയും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. കോര്‍പറേഷന്റെ 45ാം ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന ജലസംഭരണി ആലുവയില്‍ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം ശേഖരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button