Kerala

വഖഫ് ഭേദഗതി ബിൽ പാസായെങ്കിലും മുനമ്പം പ്രശ്ന പരിഹാരം നീളും; നിയമ നടപടി ഇനിയും തുടരാൻ സാധ്യത

വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായെങ്കിലും മുനമ്പത്തെ ഭൂമി പ്രശ്നത്തിൽ പരിഹാരം നീളും. ഭൂമി കൈമാറിയത് ട്രസ്റ്റിയാണെങ്കിൽ വഖഫ് നിയമം ബാധകമല്ലെന്ന ഭേദഗതി മുനമ്പത്ത് പ്രായോഗികമാണോ എന്നതിലാണ് തർക്കങ്ങൾ ഉയരുന്നത്. മുനമ്പത്തെ കുടുംബങ്ങൾക്ക് ഭൂമി കൈമാറിയ ഫാറൂഖ് കോളേജ് ട്രസ്റ്റല്ലെന്ന് ചൂണ്ടിക്കാട്ടി വഖഫ് ബോർഡ് നിലപാട് കടുപ്പിച്ചാൽ വഖഫ് ട്രൈബ്യൂണലിലേക്ക് വീണ്ടും നിയമ നടപടി തുടരും.

173 ദിവസം മുൻപ് മുനമ്പത്തെ സാധാരണക്കാരയ 618കുടുംബങ്ങൾ തുടങ്ങി വെച്ച സമരം പിന്നീട് സംസ്ഥാന ശ്രദ്ധയിലേക്കും ഒടുവിൽ ദേശീയ തലത്തിലും ലോക്സഭയിലും പേരെടുത്ത് ചർച്ചയായി മാറി. ഒടുവിൽ വഖഫ് ഭേദഗതി ബില്ലിലൂടെ മുനമ്പത്തെ ഭൂമിയുടെ റവന്യു ഉടമസ്ഥത ഈ കുടുംബങ്ങൾക്ക് തിരികെ കിട്ടുമോ എന്നതാണ് ചോദ്യം. വഖഫ് ഭേഗതി ബില്ലിലെ സെക്ഷൻ 2 (എ) ചട്ടം പ്രകാരം വഖഫ് ബോർഡിന്റെ അവകാശവാദം ഒഴിവായി ഭൂമിയുടെ ഉടമസ്ഥത തിരികെ കിട്ടുമെന്നാണ് സമര സമിതിയുടെ പ്രതീക്ഷ

മുനമ്പത്തെ കുടുംബങ്ങൾ കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്നാണ് ഭൂമി പണം നൽകി വാങ്ങിയത്. ഭൂമി കൈമാറിയത് മുസ്ലിം വിശ്വാസികൾ രൂപീകരിച്ച ട്രസ്റ്റാണെങ്കിൽ ആ ഭൂമിക്ക് വഖഫ് നിയമം ബാധകമാകില്ലെന്നാണ് സെക്ഷൻ 2 (എ) പ്രകാരമുള്ള ഭേദഗതി. ഇതിനായി ഫാറൂഖ് കോളേജ് ഒരു ട്രസ്റ്റാണെന്ന രേഖകൾ ഉൾപ്പടെ ഹാജരാക്കി ആത്മവിശ്വാസത്തിലാണ് സമര സമിതി.

എന്നാൽ ഫാറൂഖ് കോളേജിന് സിദ്ദിഖ് സേട്ട് എന്ന വ്യക്തി വഖഫായി നൽകിയ ഭൂമിയാണിതെന്നാണ് വഖഫ് ബോർഡിന്റെ നിലപാട്. ഫറൂഖ് കോളേജ് അനധികൃത വിൽപനയിലൂടെയാണ് കുടുംബങ്ങൾക്ക് ഈ ഭൂമി കൈമാറിയതെന്നും ബോർഡ് ആവർത്തിക്കുന്നു. മാത്രമല്ല ഫാറൂഖ് കോളേജ് ട്രസ്റ്റ് അല്ല മറിച്ച് ഭൂമിയുടെ സംരക്ഷണ ചുമതലയുള്ള ‘മുത്തവല്ലി’ ആണെന്നും വഖഫ് ബോർഡ് വാദിക്കുന്നു. അങ്ങനെ എങ്കിൽ ഈ ഭേദഗതി മുനമ്പത്തെ ഭൂമിക്ക് ബാധകമാകില്ല. വഖഫ് ട്രൈബ്യൂണൽ കേസ് പരിഗണിച്ച് ഇക്കാര്യത്തിലും തീർപ്പുണ്ടാക്കേണ്ടി വരും.

പ്രശ്നപരിഹാരം നീളുമെന്ന സൂചനയാണ് നിയമ മന്ത്രിയും വ്യക്തമാക്കിയത്. തുടർച്ചയായ സമരപരന്പരയിലൂടെ വിഷയം ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സമര സമിതി. നിയമ പോരാട്ടം തുടരേണ്ടി വന്നാലും വഖഫ് നിയമത്തിൽ വന്ന മാറ്റം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button