ഗോദയിൽ വിനേഷ് ഫോഗട്ടിന് കണ്ണീർ മടക്കം; ഏഷ്യൻ ഗെയിംസ് ട്രയൽസ് സെമിയിൽ തോറ്റു; കട്ടക്കലിപ്പിൽ ഭർത്താവ് കോർട്ടിലേക്ക് അതിക്രമിച്ചു കയറി; നാടകീയ രംഗങ്ങൾ!

ന്യൂഡല്‍ഹി: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഗോദയിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് യോഗ്യതാ ട്രയല്‍സില്‍ നിരാശ. വനിതകളുടെ 50 കിലോഗ്രാം വിഭാഗം സെമിഫൈനലില്‍ മീനാക്ഷിയോട് 6-4 എന്ന സ്കോറിനാണ് വിനേഷ് പരാജയപ്പെട്ടത്. ഇതോടെ 2026-ലെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാമെന്ന വിനേഷിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു. ആദ്യം മുതല്‍ അവസാനം വരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ വിനേഷും മീനാക്ഷിയും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും, നിര്‍ണായക നിമിഷങ്ങളില്‍ മേധാവിത്വം നിലനിര്‍ത്തിയ മീനാക്ഷി വിജയം ഉറപ്പാക്കി ഫൈനലിലേക്ക് യോഗ്യത നേടി.
ഏഷ്യന്‍ ഗെയിംസ് ലക്ഷ്യമിട്ട് മത്സരരംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ വിനേഷിന് ഈ തോല്‍വി വലിയൊരു ആഘാതമായി. എങ്കിലും, മത്സരശേഷം ഗോദ വിടുമ്പോള്‍ മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ വിനേഷ് അവിടെയുണ്ടായിരുന്നവരുടെ കൈയടി നേടിയ ഒരു സന്ദേശം നല്കി. ‘ഞാന്‍ വീണ്ടും തിരിച്ചുവരും’ എന്നായിരുന്നു വിനേഷിന്റെ വാക്കുകള്‍. ദില്ലി, ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ട്രയല്‍സില്‍ മികച്ച പ്രകടനത്തോടെയാണ് വിനേഷ് തുടക്കമിട്ടത്. പാരിസ് ഒളിമ്പിക്സിലെ ഹൃദയഭേദകമായ അനുഭവത്തിന് ശേഷം വിനേഷ് പങ്കെടുക്കുന്ന ആദ്യ മത്സരമാണിത്.
റൗണ്ട് ഓഫ് 16 മത്സരത്തില്‍ ജ്യോതിയെ 7-1 എന്ന സ്കോറിന് തകര്‍ത്ത് വിനേഷ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയിരുന്നു. ഇടയ്ക്ക് റിവ്യൂ മോണിറ്റര്‍ തകരാറിലായതിനെ തുടര്‍ന്ന് മത്സരം 10 മിനിറ്റോളം തടസ്സപ്പെട്ടെങ്കിലും അത് വിനേഷിന്റെ ആത്മവിശ്വാസത്തെ ബാധിച്ചില്ല. എന്നാല്‍ നിഷുവിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നാടകീയവും തര്‍ക്കങ്ങള്‍ നിറഞ്ഞതുമായിരുന്നു. മത്സരത്തില്‍ ഒരു ഘട്ടത്തില്‍ വിനേഷ് 0-5 ന് പിന്നിലായിരുന്നു. എന്നാല്‍ പിന്നീട് വിനേഷ് നടത്തിയ ശക്തമായ മുന്നേറ്റത്തിനിടെ പോയിന്റ് നല്‍കിയതിനെച്ചൊല്ലി റഫറിമാരുമായി തര്‍ക്കമുണ്ടായി. വിനേഷ് നല്കിയ റിവ്യൂ ചലഞ്ച് അനുകൂലമായതോടെ താരം 6-5 ന് മുന്നിലെത്തി.
മത്സരത്തിനിടെ ഒഫീഷ്യല്‍സിന്റെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് വിനേഷിന്റെ ഭര്‍ത്താവ് സോംവീര്‍ രതി കോര്‍ട്ടിലേക്ക് അതിക്രമിച്ചു കയറിയത് വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായി. ദൃശ്യങ്ങള്‍ പുനഃപരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാതിരുന്നതോടെ തര്‍ക്കം രൂക്ഷമാവുകയും റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ (ണഎക) പ്രസിഡന്റ് സഞ്ജയ് സിംഗും സംഘവും വിനേഷിന്റെ ക്യാമ്പുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ ഈ നാടകീയതകള്‍ക്കിടയിലും നിയന്ത്രണം കൈവിടാതെ കളിച്ച വിനേഷ്, ഒടുവില്‍ 7-6 എന്ന സ്കോറിന് നിഷുവിനെ മറികടന്ന് സെമിഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.




