NationalPolitics

വിജയശാന്തി ബിജെപി വിട്ടു; ഇനി കോണ്‍ഗ്രസില്‍

ഹൈദരാബാദ്: തെലങ്കാനയിലെ ബിജെപിക്ക് കനത്ത തിരിച്ചടിയുമായി സെലിബ്രിറ്റി നേതാവും നടിയുമായ വിജയശാന്തി പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാനാണ് വിജയശാന്തി ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരിക്കുന്നത്. മുന്‍ എം.പി കൂടിയായ താരം രാജിക്കത്ത് സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷന്‍ റെഡ്ഡിക്ക് ഔദ്യോഗികമായി സമര്‍പ്പിച്ചതായി പാര്‍ട്ടി കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു.

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റി നിഷേധിക്കുകയും ഇനി വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് സീറ്റ് കിട്ടാന്‍ സാധ്യതയില്ലെന്നും ഉറപ്പായതോടെയാണ് പാര്‍ട്ടിമാറ്റം.

തെലങ്കാനയില്‍ ഇത്തവണ കോണ്‍ഗ്രസ് വലിയ തെരഞ്ഞെടുപ്പ് മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതുമുന്നില്‍ കണ്ട് ബിജെപിയില്‍ തഴയപ്പെടുന്ന നേതാക്കള്‍ പാര്‍ട്ടി വിടുകയാണ് ഈയിടെ മുന്‍ എം.പി വിവേക് വെങ്കട്ട്‌സ്വാമി, മുന്‍ എംഎല്‍എ കോമതിറെഡ്ഡി രാജഗോപാല്‍ റെഡ്ഡി എന്നിവരും ബി.ജെ.പി വിട്ടിരുന്നു. ഇവരോടൊപ്പം വിജയശാന്തിയും ബി.ജെ.പി വിടുമെന്ന് സൂചനകളുണ്ടായിരുന്നു. രണ്ടുപേരും നേരത്തെ പാര്‍ട്ടി വിട്ടെങ്കിലും വിജയശാന്തി തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ വിജയശാന്തിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാന്‍ അവര്‍ക്ക് ഊഷ്മളമായ ക്ഷണം നല്‍കിയതായും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. രാഹുല്‍ ഗാന്ധി, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസിലേക്കുള്ള അവരുടെ ഔപചാരിക പ്രവേശനം നടന്നേക്കുമെന്നാണ് സൂചന.

ബിജെപി നേതൃത്വവുമായി വിജയശാന്തിയും അണികളും കുറച്ചുകാലമായി അകലം പാലിച്ചുവരികയായിരുന്നു. സജീവ സംഘടനാ പ്രവര്‍ത്തനത്തില്‍ വിട്ടുനില്‍ക്കുകയായിരുന്നു ഇവര്‍. പാര്‍ട്ടിയുടെ രണ്ട് താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആക്ഷന്‍ രാജ്ഞിയെന്നറിയിപ്പെട്ടിരുന്ന സൂപ്പര്‍താരമായിരുന്ന വിജയശാന്തി 1998ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. ആദ്യം ബിജെപിയിലായിരുന്നു. പിന്നീട് തെലങ്കാന പ്രത്യേക സംസ്ഥാനമാക്കണമെന്ന് ആവശ്യപ്പട്ടുള്ള പ്രക്ഷോഭങ്ങളുടെ കാലത്ത് വിജയശാന്തി ടിആര്‍എസുമായി അടുത്തു. ടിആര്‍എസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച്, 2009 മുതല്‍ 2014 വരെ മേദക് എംപിയായി. 2014ലാണ് വിജയശാന്തി ടിആര്‍എസ് വിട്ട് കോണ്‍ഗ്രസിലെത്തിയത്. 2020ലാണ് വിജയശാന്തി കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവച്ചത്.

‘ലേഡി അമിതാഭ്’ എന്നറിയപ്പെടുന്ന വിജയശാന്തി നാല് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തില്‍ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി 180-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, 2020 ല്‍ മഹേഷ് ബാബു പ്രധാന വേഷത്തില്‍ അഭിനയിച്ച ‘സരിലേരു നീക്കെവ്വരു’ എന്ന ചിത്രത്തിലൂടെ അവര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button