KeralaNews

ഭൂരിപക്ഷമില്ലാതെ സർക്കാർ രൂപീകരിക്കാനാവില്ല; വിജയിയോട് കടുത്ത നിലപാടുമായി ഗവർണർ

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദവുമായി എത്തിയ തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയിയോട് കടുത്ത നിലപാടുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. 24 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ കൂടിക്കാഴ്ചയിലും സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം വിജയ്‌ക്കില്ലെന്ന് ഗവർണർ വ്യക്തമാക്കിയതായി രാജ്ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇന്ന് രാവിലെ നടന്ന കൂടിക്കാഴ്ചയിൽ, നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ അംഗബലം ടിവികെക്ക് ഇല്ലെന്ന് ഗവർണർ വിശദീകരിച്ചു. ഏപ്രിൽ 23-ന് നടന്ന തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടിയ വിജയിക്ക് കോൺഗ്രസിന്റെ അഞ്ച് സീറ്റുകൾ കൂടി ചേർത്ത് 113 പേരുടെ പിന്തുണയാണുള്ളത്. എന്നാൽ 234 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യ തെളിയിക്കാൻ വിജയ്ക്ക് സാധിച്ചിട്ടില്ലെന്നും അതിനാൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാനാവില്ലെന്നുമാണ് ഗവർണറുടെ നിലപാട്.

രാജ്ഭവനിൽ നടന്ന രണ്ടാമത്തെ കൂടിക്കാഴ്ചയിൽ, നിലവിലുള്ള 113 എം.എൽ.എമാരുടെ (ടി.വി.കെ 108, കോൺഗ്രസ് 5) പിന്തുണ മാത്രം വെച്ച് എങ്ങനെ സുസ്ഥിരമായ ഒരു സർക്കാരിനെ നയിക്കുമെന്ന് ഗവർണർ ആരാഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മറ്റേതൊക്കെ പാർട്ടികൾ പിന്തുണയ്ക്കുമെന്ന ഗവർണറുടെ ചോദ്യത്തിന്, രണ്ട് ഇടത് പാർട്ടികളിൽ നിന്നും രണ്ട് പ്രാദേശിക പാർട്ടികളിൽ നിന്നുമായി ആറ് സീറ്റുകൾ കൂടി തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷ ടിവികെ പങ്കുവെച്ചുതായാണ് വിശ്വസനീയ വൃത്തങ്ങൾ നൽകുന്ന സൂചന.

.താൻ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ എപ്പോഴും തയ്യാറാണെന്ന് വിജയ് ഗവർണറെ അറിയിച്ചതായാണ് വിവരം. എന്നാൽ, കൃത്യമായ ഭൂരിപക്ഷം (118) രേഖാമൂലം ബോധ്യപ്പെടുത്താതെ വിജയിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാൻ ഗവർണർ തയ്യാറായിട്ടില്ല. ബുധനാഴ്ച നടന്ന ആദ്യ കൂടിക്കാഴ്ചയിലും വിജയ് സമർപ്പിച്ച കണക്കുകളിൽ ഗവർണർ തൃപ്തനായിരുന്നില്ല. ഗവർണറുടെ നടപടിക്കെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ടിവികെ. ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന തത്വം ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് പാർട്ടിയുടെ ആലോചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button