NationalNews

നീറ്റ് നിര്‍ത്തലാക്കണം, പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം അനുവദിക്കണം: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

നീറ്റിലെ തുടർച്ചയായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പരീക്ഷ പൂർണ്ണമായും നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. പരീക്ഷാ പേപ്പർ വീണ്ടും ചോർന്ന പശ്ചാത്തലത്തിൽ, സംസ്ഥാനങ്ങൾക്ക് പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയുടെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രി വിജയ് തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ വ്യക്തമാക്കി.

‘2024-ൽ ആറ് സംസ്ഥാനങ്ങളിലായി പേപ്പർ ചോർച്ച ഉണ്ടാവുകയും സിബിഐ അന്വേഷണം നടക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും പരീക്ഷാ പേപ്പർ ചോർന്നത് പരീക്ഷാ സംവിധാനത്തിന്റെ തകർച്ചയാണ് കാണിക്കുന്നത്. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി 95 പരിഷ്കാരങ്ങൾ നിർദ്ദേശിച്ചിട്ടും വീണ്ടും ക്രമക്കേടുകൾ ആവർത്തിക്കുന്നത് പരീക്ഷയുടെ ഘടനാപരമായ പിഴവുകൾക്ക് തെളിവാണ്.

നീറ്റ് പരീക്ഷ നഗര കേന്ദ്രീകൃതമായ, സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് ഗുണകരമാകുന്നത്. ഗ്രാമീണ മേഖലയിലെയും സാധാരണക്കാരായ വിദ്യാർത്ഥികളെയും ഇത് മെഡിക്കൽ വിദ്യാഭ്യാസത്തിൽ നിന്ന് പുറന്തള്ളുന്നു. ദേശീയ തലത്തിലുള്ള ഇത്തരം പരീക്ഷകളിലെ പാളിച്ചകൾക്ക് ഈ സംഭവങ്ങൾ വ്യക്തമായ തെളിവാണ്. പരീക്ഷാ സമ്പ്രദായം പാടേ ഒഴിവാക്കി പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ നൽകാൻ സംസ്ഥാനങ്ങളെ അനുവദിക്കണം’- വിജയ് എക്സില്‍ കുറിച്ചു.

നീറ്റ് പരീക്ഷ നിലവിൽ വന്ന കാലം മുതൽ തമിഴ്‌നാട് ഇതിനെ എതിർത്തു വരികയാണ്. രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തെ എല്ലാ പാർട്ടികളും നീറ്റിനെതിരെ രംഗത്തുണ്ട്. പ്രാദേശിക ഭാഷകളിൽ പഠിക്കുന്ന മിടുക്കരായ കുട്ടികൾക്ക് നീറ്റ് വലിയൊരു തടസ്സമാണെന്നും, പരീക്ഷാ പരിശീലനത്തിന് പണം ചെലവാക്കാൻ കഴിയുന്നവർക്ക് മാത്രമേ ഡോക്ടറാകാൻ കഴിയൂ എന്ന അവസ്ഥ മാറണമെന്നും സംസ്ഥാന സർക്കാർ നിരന്തരമായി വാദിക്കുന്നുണ്ട്. അതേ നിലപാട് തന്നെയാണ് ഇപ്പോള്‍ ടിവികെ സര്‍ക്കാരും ഏറ്റെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button