മോദിയും അമിത് ഷായും രാജ്യദ്രോഹികള്‍, രാജ്യത്തെ വില്‍ക്കുന്നു; കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യദ്രോഹികളെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയും അമിത് ഷായും ആര്‍എസ്എസും ദേശദ്രോഹികളാണ്. ഭരണഘടനയെ ദിനംപ്രതി ആക്രമിക്കുകയും രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ ഏതാനും വ്യവസായികള്‍ക്ക് ഇവര്‍ വില്‍ക്കുകയുമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
റായ്ബറേലിയില്‍ നടന്ന, പ്രാദേശിക വിപ്ലവകാരിയായ വീര പാസിയെ അനുസ്മരിച്ചുകൊണ്ടുള്ള ‘ബഹുജന്‍ സ്വാഭിമാന്‍ സഭ’യില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിങ്ങളുടെ വീടുകളില്‍ വന്ന് നരേന്ദ്ര മോദിയെയും അമിത് ഷായെയും കുറിച്ച് സംസാരിക്കുമ്പോള്‍, അവരുടെ സംഘടനയായ മോദിയും ഷായും രാജ്യദ്രോഹികളാണെന്ന് നിങ്ങള്‍ അവരോട് പറയണം. അവര്‍ നമ്മുടെ രാജ്യം വില്‍ക്കാന്‍ പ്രവര്‍ത്തിച്ചു. നമ്മുടെ ഭരണഘടനയെയും അംബേദ്കറെയും മഹാത്മാഗാന്ധിയെയും ആക്രമിച്ചു. രാഹുല്‍ ഗാന്ധി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയെ ദുര്‍ബലപ്പെടുത്തിക്കൊണ്ടും, ജാതി സെന്‍സസ് നടത്താതെയും, തെരഞ്ഞെടുത്ത വ്യവസായികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചുകൊണ്ടും പ്രധാനമന്ത്രി 24 മണിക്കൂറും ഭരണഘടനയെ ആക്രമിക്കുന്നു. മോദി ഇന്ത്യയുടെ മുഴുവന്‍ സമ്പത്തും നിങ്ങളുടെ പോക്കറ്റില്‍ നിന്ന് കൊള്ളയടിച്ചു. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ അദ്ദേഹം അദാനിക്കും അംബാനിക്കും കൈമാറിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഒരു വലിയ സാമ്പത്തിക കൊടുങ്കാറ്റ് വരുന്നുണ്ട്. അപ്പോൾ നോട്ട്‌നിരോധന കാലത്തും കോവിഡ് മഹാമാരിയുടെ സമയത്തും ചെയ്തതുപോലെ, ജനങ്ങൾക്ക് മുന്നിൽ കരഞ്ഞുകൊണ്ട് പ്രധാനമന്ത്രി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കും. ഇത് തന്റെ തെറ്റല്ലെന്ന് വീണ്ടും പറയുകയും ചെയ്യും. എന്നാൽ തെറ്റ് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ആർഎസ്എസിന്റെയുമാണ്. സാമ്പത്തിക കാര്യങ്ങളിലും വിദേശ സന്ദർശനങ്ങളിലും പ്രധാനമന്ത്രി കാട്ടുന്നത് ഇരട്ടത്താപ്പാണെന്നും രാഹുൽ കുറ്റപ്പെടുത്തി. സ്വർണം വാങ്ങരുതെന്നും വിദേശയാത്ര ഒഴിവാക്കാനും ആവശ്യപ്പെടുന്നു. എന്നാൽ മോദി വിദേശത്തേക്ക് പറക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.




