മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലീം ലീഗിന്റെ ആദ്യ പ്രതികരണം; ‘ജനങ്ങൾ ആഗ്രഹിച്ച ആൾ’

മലപ്പുറം: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മുസ്ലീം ലീഗ്. കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമാണ് ഇനി വരാനിരിക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു. നഷ്ടപ്രതാപങ്ങളിലേക്കുള്ള തിരിച്ചുപോക്കാണിത്. ജനങ്ങൾ ആഗ്രഹിച്ച ഭരണത്തിന് നേതൃത്വം നൽകാൻ അവർ ആഗ്രഹിച്ചയാളെ തന്നെ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നു. വി ഡി സതീശൻ കേരളത്തെ നയിക്കും നല്ല നാളെകളിലേക്ക്.
കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് കേവല പരസ്യ വാചകമായ ‘നമ്പര്‍ വണ്‍ കേരളം’ നമുക്ക് സാധ്യമാക്കണം. ഒറ്റക്കെട്ടായ പ്രവർത്തനം നമുക്ക് കരുത്താകും. വികസന സൂചികകളിലെ നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ, ദുര്‍ഭരണമുണ്ടാക്കിയ വിള്ളലുകള്‍ തീര്‍ക്കാന്‍ സദ്ഭരണം വരുന്നു. ജനമിടിപ്പിനൊപ്പം ചേരാന്‍, കേരളത്തിന്റെ ഉയിര്‍പ്പ് സാധ്യമാക്കാന്‍ പുതിയ മുഖ്യമന്ത്രിക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ അവസാന നിമിഷവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ മുസ്ലീം ലീഗിനോട് അഭിപ്രായം തേടിയിരുന്നു. ലീഗ് തീരുമാനത്തിൽ മാറ്റമുണ്ടോ എന്ന് ഖർഗെ ചോദിച്ചു. എന്നാല്‍, ഒരു മാറ്റവുമില്ലെന്ന് ലീഗ് അറിയിച്ചു. ഇതോടെ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വി ഡി സതീശൻ ആണ് മുഖ്യമന്ത്രിയാവുക എന്ന് ഹൈക്കമാൻഡ് ലീഗിനെ അറിയിക്കുകയായിരുന്നു. ഖര്‍ഗെ സാദിഖലി തങ്ങളുമായും കുഞ്ഞലിക്കുട്ടിയുമായും സംസാരിച്ചു.



