വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണം; കോടതിയില്‍ പോകാമെന്ന് വി മുരളീധരന്

തിരഞ്ഞെടുപ്പ് കഴിഞ്ഞ് പരാതികള്‍ ഉണ്ടെങ്കില്‍ കോടതിയില്‍ പോകാമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന് ട്വന്റിഫോറിനോട്. ഇതൊന്നും നടത്താതെയാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്. മാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്തത് കൊണ്ട് സുരേഷ് ഗോപിയുടെ എംപി സ്ഥാനം നഷ്ടപ്പെടില്ല. വി. ശിവന്‍കുട്ടിയുടെ തമാശക്ക് താന്‍ മറുപടി പറയേണ്ട ആളല്ലെന്നും വി. മുരളീധരന് പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന ഘട്ടത്തില്‍ പരാതികള്‍ ഉണ്ടെങ്കില്‍ ബോധിപ്പിക്കാനുള്ള അവസരമുണ്ട്. വോട്ടിംഗ് നടക്കുമ്പോള്‍ പോളിംഗ് ബൂത്തില്‍ എല്ലാ സ്ഥാനാര്‍ത്ഥികളുടെയും ഏജന്റ്മാരുണ്ട്. ബൂത്ത് ലെവല്‍ ഓഫീസര്‍മാരുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞു പരാതികള്‍ ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ട് കോടതിയില്‍ പോകാം. ഇതൊന്നും നടത്താതെയാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ അവിടുത്തെ ഡിസിസി പ്രസിഡന്റിനെ മാറ്റിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. തന്നെ തോല്‍പ്പിച്ചത് കോണ്‍ഗ്രസുകാര്‍ എന്നാണ് കെ. മുരളീധരന് തന്നെ പറഞ്ഞത്. അതുകഴിഞ്ഞ് പൂരം കലക്കല്‍ വിവാദം കൊണ്ടുവന്നു. അതൊന്നും വിലപ്പോവില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് പുതിയൊരു വിവാദം ഉയര്‍ത്തുന്നത്. ഇനിയും നിയമപരമായ നടപടി തേടാമെന്നും അല്ലാതെ മാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്തത് കൊണ്ട് സുരേഷ് ഗോപിയുടെ എംപി സ്ഥാനം നഷ്ടപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.