CrimeNews

ഏക മകൾ കാമുകനൊപ്പം പോയി; മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി

ഏക മകൾ കാമുകനൊപ്പം പോയതിൽ മനംനൊന്ത് കൊല്ലത്ത് മാതാപിതാക്കൾ ജീവനൊടുക്കി. കൊല്ലം പാവുമ്പ കാളിയം ചന്തയ്ക്ക് സമീപം വിജയഭവനത്തിൽ സൈനികനായ ഉണ്ണികൃഷ്ണപിള്ള (52), ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ദമ്പതികൾ അമിത അളവിൽ ഉറക്കുഗുളിക കഴിച്ച് ജീവനൊടുക്കുകയായിരുന്നു. ഇരുവരെയും പുറത്തുകാണാത്തതിനെ തുടർന്ന് പ്രദേശവാസികൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ ഇവരെ അവശനിലയിൽ കണ്ടത്. ഇതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബിന്ദു തൽക്ഷണവും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെയുമാണ് മരിച്ചത്.

ഉണ്ണികൃഷ്ണ പിള്ളയും ഭാര്യ ബിന്ദുവും

ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് ഇവരുടെ ഏകമകൾ ആൺസുഹൃത്തിനൊപ്പം പോയത്.

ഇതിന് പിന്നാലെ വലിയ മനോവിഷമത്തിലായിരുന്നു ഇരുവരുമെന്ന് ബന്ധുക്കൾ പറയുന്നു. ഇവരുടെ കിടപ്പുമുറിയ്ക്കുള്ളിൽ നിന്നും ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മകളെ മൃതദേഹങ്ങൾ കാണിക്കരുതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ ഉള്ളത്.

മകൾ പോയതിനുശേഷം ദമ്പതികൾ കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇക്കാര്യം ബന്ധുക്കളോടും പറഞ്ഞിരുന്നു. വെള്ളിയാഴ്ചയാണ് ദമ്പതികളെ അമിതമായ അളവിൽ ഗുളിക കഴിച്ച്‌ അവശനിലയിൽ കണ്ടെത്തിയത്. അന്ന് തന്നെ ബിന്ദു മരിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു ഉണ്ണികൃഷ്ണ പിള്ളയുടെ മരണം. ഉണ്ണികൃഷ്ണ പിള്ള വൃക്കരോഗിയാണ്.

മകളുടെ പ്രണയം ദമ്പതികൾ ആദ്യമേ എതിർത്തിരുന്നു. എന്നാൽ ഇതുവകവയ്ക്കാതെ പെൺകുട്ടി കാമുകനൊപ്പം പോകുകയായിരുന്നു. മകളെ മൃതദേഹം കാണിക്കരുതെന്ന് ആത്മഹത്യാകുറിപ്പ് എഴുതിവച്ചതിന് ശേഷമാണ് ദമ്പതികൾ ജീവനൊടുക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button