National

പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ ബിജെപി, മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കും

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഭരണകക്ഷിയായ ബിജെപിക്ക് ഇതുവരെ സമയവായത്തിലെത്താനായില്ല. ഇന്ന് ബിജെപി എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗവര്‍ണര്‍ അജയ്കുമാര്‍ ബല്ല കേന്ദ്രത്തിന് വിശദമായ റിപ്പോര്‍ട്ട് നല്‍കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.

മുതിര്‍ന്ന മന്ത്രി യുംനാം ഖേംചന്ദ് സിങ്, സ്പീക്കര്‍ തൊഖൊം സത്യബ്രതാ സിങ് എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേതൃത്വം പരിഗണിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും ഒരു തീരുമാനത്തിലെത്താനായില്ല. ഭരണകക്ഷിയിലെ എല്ലാ എംഎല്‍എമാരുടെയും പിന്തുണയുള്ള ഒരു നേതാവിനെ കണ്ടെത്താന്‍ സാധിക്കാത്തതാണ് നേരിടുന്ന പ്രശ്‌നം. അതിനാല്‍ ഇത് സംബന്ധിച്ച തീരുമാനം വൈകിയേക്കും. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോകാനുള്ള സാധ്യതയാണ് തെളിയുന്നത്.

മണിപ്പൂരിന്റെ ചുമതലയുള്ള ബിജെപി നേതാവ് സംബിത് പത്രയും സംസ്ഥാനത്തെ ബിജെപി അധ്യക്ഷയും ഗവര്‍ണറുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് ബിജെപി എംഎല്‍എമാരും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിന് ശേഷം ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ട് പഠിച്ച ശേഷമായിരിക്കും വിഷയത്തില്‍ മറ്റുനടപടികള്‍ സ്വീകരിക്കുക. നിലവില്‍ ബിരേന്‍ സിങ് മണിപ്പൂരിന്റെ കാവല്‍ മുഖ്യമന്ത്രിയായി തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button