നെടുമ്പാശ്ശേരിയിൽ കാറിടിപ്പിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസ്; രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യുവാവ് കാറിടിപ്പിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സി.ഐ.എ.എസ്.എഫ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ, കുറ്റം തെളിയുന്നപക്ഷം ഇരുവരും കടുത്ത നടപടിക്ക് വിധേയരാവുമെന്നും വ്യക്തമാക്കുന്നു. സിഐഎസ്എഫ് ഇൻ്റേണൽ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടികൾ.
സംഭവവുമായി ബന്ധപ്പെട്ട് കേരള പോലീസുമായി സിഐഎസ്എഫ് പൂര്‍ണമായി സഹകരിക്കുമെന്ന് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍. പൊന്നി ഐപിഎസ് അറിയിച്ചു. ചെന്നൈയിലെ എയര്‍പോര്‍ട്ട് സൗത്ത് സോണ്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സസ്പെൻഷൻ തുടരാനാണ് സാധ്യത.
സസ്പെൻഡ് ചെയ്തവർ സിഐഎസ്എഫ് ഉദ്യോഗസ്ഥരായ വിനയകുമാര്‍ ദാസ്, മോഹന്‍ എന്നിവരാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ഐവിൻ ജിജു എന്ന യുവാവിനെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കാറിടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വഴി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇവർ ഐവിനെ മനഃപൂർവം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ മദ്യലഹരിയിലായിരുന്നു എന്ന് സൂചന. വിമാനങ്ങളിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിലാണ് ഐവിൻ ജോലി ചെയ്തിരുന്നത്.രാത്രി പത്തിന് ഡ്യൂട്ടിക്ക് കയറാനായി പോകവേ നായത്തോട് വെച്ചാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായത്.