News

ടിക്കറ്റിന് വെറും 500 രൂപ? ആഡംബര സൗകര്യങ്ങളുമായി കെഎസ്ആർടിസിയുടെ പ്രീമിയം

തിരുവനന്തപുരം-എറണാകുളം റൂട്ടിൽ വിമാനയാത്രയ്ക്ക് സമാനമായ പ്രീമിയം സൗകര്യങ്ങളുമായി കെഎസ്ആർടിസിയുടെ പുതിയ എസി എക്സിക്യൂട്ടീവ് വോൾവോ ആഡംബര ബസ് സർവീസ് ആരംഭിച്ചു. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 5.30-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ബസ് കൊല്ലം അയത്തിൽ, ആലപ്പുഴ കോമാടി, തോപ്പുംപടി വഴി 9.45-ന് എറണാകുളത്ത് എത്തും. വൈകീട്ട് 5.30-ന് എറണാകുളത്തുനിന്ന് മടങ്ങുന്ന രീതിയിലാണ് സമയക്രമം. ശനി, ഞായർ ദിവസങ്ങളിൽ ഈ സർവീസ് ഗുരുവായൂരിലേക്ക് നീട്ടാനും കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്.

യാത്രക്കാർക്ക് പരമാവധി സുഖസൗകര്യം ഉറപ്പാക്കാൻ 39 റിക്ലൈനർ സീറ്റുകളാണ് ബസിലുള്ളത്. വ്യക്തിഗത എന്റർടെയ്ൻമെന്റ് സ്ക്രീൻ, മിനി പാൻട്രി, മിനി റഫ്രിജറേറ്റർ, കോഫി മേക്കർ, ടോയ്ലറ്റ് സംവിധാനം, സൌജന്യ വൈ-ഫൈ, യുഎസ്ബി ചാർജിങ് പോർട്ടുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. കൂടാതെ, വിമാനങ്ങളിലെ ക്യാബിൻ ക്രൂവിന് സമാനമായി യാത്രക്കാരെ സഹായിക്കാൻ സ്വിഫ്റ്റ് ജീവനക്കാരിയായ ‘ബസ് ഹോസ്റ്റസി’നെയും നിയോഗിച്ചിട്ടുണ്ട്.

വന്ദേഭാരത് എക്സ്പ്രസിന് സമാനമായ സമയക്രമത്തിലും കുറഞ്ഞ ചെലവിലുമാണ് ഈ എക്സിക്യൂട്ടീവ് സർവീസ് പ്രവർത്തിക്കുന്നത്. 500 മുതൽ 600 രൂപ വരെയാണ് ഏകദേശ ടിക്കറ്റ് നിരക്ക്. വാട്സ്ആപ്പ് നമ്പറിലേക്ക് ‘Hi’ എന്ന് സന്ദേശം അയച്ചോ, ‘എന്റെ കെഎസ്ആർടിസി’ ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ്, റിസർവേഷൻ കൗണ്ടറുകൾ എന്നിവ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button