കോട്ടയം മെഡി.കോളജിലെ മൂന്ന് വാർഡുകളുടെ പ്രവർത്തനം പുതിയ ബ്ലോക്കിലേക്ക് മാറ്റി

0

കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതുതായി നിർമിച്ച സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. മൂന്നാം നിലയിലാണ് പ്രവർത്തിക്കുന്നത്. ഇന്ന് വൈകിട്ട് തന്നെ വാർഡുകൾ പൂർണ സജ്ജമായി. 10, 17, സി.എൽ 4-1 എന്നീ വാർഡുകൾ മാറ്റാനുള്ള നടപടിയായിട്ടുണ്ട്.

അതേസമയം കോട്ടയം മെഡിക്കൽ കോളജിൽ തകർന്ന കെട്ടിടത്തിൽ പ്രവർത്തനം പാടില്ലെന്ന് നേരത്തെ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നതായി രേഖകൾ. മെയ് 24ന് ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ(DME) നൽകിയ കത്തിന്റെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു. ബലക്ഷയം ഉള്ള കെട്ടിടത്തിൽ നിന്നും രോഗികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനും പണി തീർത്ത പുതിയ ബ്ലോക്കിൽ സർജിക്കൽ ബ്ലോക്ക് പ്രവർത്തനം തുടങ്ങാനും കത്തിൽ നിർദേശിക്കുന്നുണ്ട്. പുതിയ ഉപകരണങ്ങൾ കിട്ടാൻ സർക്കാരിൽ അവശ്യപ്പെട്ടുവെന്നും കിട്ടും വരെ പഴയ ഉപകരണങ്ങൾ ഉപയോഗിച്ച് പുതിയ ബ്ലോക്ക് പ്രവർത്തനം നടത്താനും നിർദ്ദേശമുണ്ടായിരുന്നു. മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥയാണ് കത്ത് വ്യക്തമാക്കുന്നത്.

ഇന്ന് രാവിലെ പത്തരയോടെയാണ് നാടിനെ ആശങ്കയിലാക്കി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണത്. അപകടമുണ്ടായി രണ്ടരമണിക്കൂറിന് ശേഷമാണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ മെഡിക്കൽ കോളജിലെത്തി അവലോകന യോഗത്തിൽ പങ്കെടുത്തു.അപകടത്തെകുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here