Politics

കോണ്‍ഗ്രസിന്റെ വജ്രായുധമായി ഈ നേതാവ്; ദി കെ.സി വേണുഗോപാല്‍ സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സ്

തിരുവനന്തപുരം: കരുണാകരന്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ള കോണ്‍ഗ്രസ് നേതാക്കളെല്ലാം ജനമനസ്സില്‍ സ്ഥാനമുറപ്പിച്ചത് അവര്‍ക്ക് മാത്രം സ്വന്തമായ ഒരു രാഷ്ട്രീയ ശൈലിയിലൂടെയാണ്. ഇന്നത്തെ കോണ്‍ഗ്രസില്‍ ആ ശ്രേണിയിലേക്ക് ഉയര്‍ത്തി കാണിക്കാന്‍ കഴിയുന്ന ചുരുക്കം നേതാക്കളില്‍ ഒരാള്‍ കെ.സി വേണുഗോപാല്‍ ആണെന്ന് തെളിയിച്ച തിരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ കഴിഞ്ഞത്. സ്ഥാനാര്‍ഥി പ്രഖ്യാപന നിമിഷം മുതല്‍ കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ അവസരം നോക്കി നില്‍ക്കുകയായിരുന്ന രാഷ്ട്രീയ എതിരാളികളുടെയും ഭരണകൂട അടിമകളായ മാധ്യമങ്ങളുടെയും മുന്നിലേക്കാണ് യാതൊരു വിവാദത്തിനും ഇടയില്ലാത്ത വിധം കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചത്.

ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ജോയിയുടെ കൂടെ സമ്മതം ഉറപ്പ് വരുത്തുകയും മറ്റാരേക്കാളും സജീവമായി തിരഞ്ഞെടുപ്പില്‍ ഷൗക്കത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ജോയിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിടത്ത് നിന്നാണ് ഈ തിരഞ്ഞെടുപ്പില്‍ കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ വജ്രായുധമായി മാറുന്നത്. നിലമ്പൂരില്‍ സംഘടനയ്ക്കും മുന്നണിക്കുമുള്ളില്‍ ഉണ്ടായിരുന്ന സകല അസ്വാരസ്യങ്ങളെയും തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കൃത്യമായി ഇടപെട്ട് പരിഹരിക്കാന്‍ കെ.സി വേണുഗോപാലിന് കഴിഞ്ഞു. ലീഗ് നേതൃത്വവുമായി ഒട്ടനവധി കൂടിക്കാഴ്ചകള്‍ നടത്തി നിലമ്പൂരില്‍ ആദ്യാവസാനം ലീഗിന്റെ ഏറ്റവും മികച്ച പ്രവര്‍ത്തനം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുവരുത്തി.

അന്‍വര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ സംസാരിച്ചതോടെ അയാളെ നേരില്‍ കാണാന്‍ പോലും വിസ്സമ്മതിച്ചുകൊണ്ട് വ്യക്തി താല്പര്യങ്ങള്‍ക്കും മുകളിലാണ് സംഘടനയെന്ന് സംശയമേതുമില്ലാതെ കെ.സി വേണുഗോപാല്‍ പ്രഖ്യാപിച്ചു. ഒരു യുവ നേതൃനിരയെ കെപിസിസിക്ക് സമ്മാനിച്ച കെ.സി വേണുഗോപാലിന്റെ തീരുമാനം ഏറ്റവുമധികം പാര്‍ട്ടിക്ക് ഉപകാരപ്പെട്ട തിരഞ്ഞെടുപ്പ് കൂടിയാണ് നിലമ്പൂരില്‍ കഴിഞ്ഞത്. ഷാഫിയും വിഷ്ണുനാഥും അനില്‍കുമാറും അടങ്ങുന്ന യുവ നേതൃത്വം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലുടനീളം പലതവണ സര്‍വ്വേകള്‍ നടത്തി. എവിടെയൊക്കെയാണ് സംഘടനാ തലത്തില്‍ പോരായ്മകള്‍ ഉള്ളതെന്ന് കൃത്യമായി കണ്ടെത്തി അവിടെങ്ങളിലെല്ലാം പരിഹാരവുമായി കെ.സി വേണുഗോപാല്‍ നേരിട്ടെത്തി. സംഘടനയ്ക്ക് അവശ്യമായ തിരഞ്ഞെടുപ്പ് വിഭവങ്ങളും ദേശീയ നേതൃത്വത്തിന്റെ പിന്തുണയും കൃത്യമായി ഉറപ്പ് വരുത്തി.

ശബ്ദകോലാഹലങ്ങളും അവകാശവാദം ഉന്നയിക്കലുമാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് കരുതിയിരുന്ന പലര്‍ക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തനം കൂടിയാണ് കെ.സി നിലമ്പൂരില്‍ കാഴ്ചവച്ചത്. ബഹളങ്ങളോ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകളോ ഇല്ലാതെ നിശബ്ദമായി അദ്ദേഹം മുന്നില്‍ നിന്നും നയിച്ചു. ചെയ്ത പ്രവര്‍ത്തനങ്ങളൊന്നും ഒരിടത്തും സ്വയം മേനിപറഞ്ഞു ആളാകാനുള്ള ശ്രമം നടത്തിയില്ല. തന്റെ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍ എല്ലായിപ്പോഴും പ്രവര്‍ത്തകരുടെ അധ്വാനത്തെ ഉയര്‍ത്തികാണിച്ചു. പരാജയങ്ങളില്‍ അദ്ദേഹത്തെ പഴിക്കാന്‍ കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്നവര്‍ പാര്‍ട്ടി വിജയിക്കുമ്പോള്‍ പക്ഷേ അതിന്റെ പേരില്‍ അദ്ദേഹത്തെ അംഗീകരിക്കാന്‍ തയ്യാറാകാറില്ല. അംഗീകാരങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാത്തത് കൊണ്ട് ഒരിടത്തും അദ്ദേഹം അതിനെ കുറിച്ചൊരു പരിഭവവും പറഞ്ഞു കേട്ടിട്ടുമില്ല. ഇത്രത്തോളം സംഘടനയുമായി ഇഴകി ചേര്‍ന്നൊരു മനുഷ്യനെ കഴിഞ്ഞ ദശാബ്ദങ്ങളിലൊന്നും കോണ്‍ഗ്രസിന് ലഭിച്ചിട്ടില്ല. അവകാശവാദങ്ങള്‍ ഇല്ലാതെ പ്രസ്ഥാനത്തിന് വേണ്ടി രാപകലില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ കെ.സി വേണുഗോപാല്‍ സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സില്‍ കോണ്‍ഗ്രസിന്റെ ഭാവി സുരക്ഷിതമാണെന്ന് നിലമ്പൂര്‍ തിരഞ്ഞെടുപ്പ് അടിവരയിടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button