
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനര്‍ പി വി അന്‍വറുമായി ഇനിയൊരു ചര്‍ച്ചയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നിലമ്പൂരില്‍ കാര്യങ്ങള്‍ ജോറാണ്. ഇത്രയും സ്പിരിറ്റ് ഉള്‍ക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്നും കെ സുധാകരന്‍ പ്രതികരിച്ചു.
‘നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നൂറ് ശതമാനം ഭരണ-പ്രതിപക്ഷ വിലയിരുത്തലാകും. ഇല്ലാത്ത ശത്രുവിനെ ഉണ്ട് എന്ന് വരുത്തേണ്ട കാര്യമില്ല. അന്‍വര്‍ വിഷയം തേഞ്ഞുമാഞ്ഞുപോയി. ഇനി ചര്‍ച്ചയില്ല’, എന്നും കെ സുധാകരന്‍ പറഞ്ഞു. കുഴിയില്‍ നിന്ന് മയ്യത്ത് എടുക്കാനില്ല. നേരത്തെ അന്‍വര്‍ ഒരു ഘടകമായിരുന്നു. അന്‍വറിനോട് ഇപ്പോഴും സ്‌നേഹമാണ്. നേതൃത്വത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചാല്‍ നില്‍ക്കാന്‍ കഴിയില്ലെന്ന് അന്‍വര്‍ മനസ്സിലാക്കണമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
നിലമ്പൂരില്‍ രാഷ്ട്രീയപോരാട്ടമാണ് നടക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ ബഷീറും പ്രതികരിച്ചു. യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരം.നിലമ്പൂരില്‍ യുഡിഎഫിനെ ഒന്നും ബാധിക്കില്ല. പാലക്കാട് എന്തൊക്കെ കോലാഹലങ്ങള്‍ ഉണ്ടായിരുന്നു. യുഡിഎഫ് കണ്‍വെന്‍ഷനില്‍ വലിയ ആവേശം കണ്ടതാണ്. ജനങ്ങള്‍ വലിയ ആവേശത്തിലാണ്. നിലമ്പൂരില്‍ എല്ലാ വികസനങ്ങളും കൊണ്ടുവന്ന വാപ്പ ആര്യാടന്‍ മുഹമ്മദാണ്. നിലമ്പൂരിനെ നിലമ്പൂര്‍ ആക്കിയത് ആര്യാടന്‍ മുഹമ്മദാണെന്നും പി കെ ബഷീര്‍ പറഞ്ഞു. റിപ്പോര്‍ട്ടറിനോടായിരുന്നു പ്രതികരണം.