പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ചടങ്ങിലെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ്. ചടങ്ങില്‍ മോദി രാഷ്ട്രീയ പ്രസംഗം നടത്തിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഒരു മന്ത്രിയുടെ പ്രസംഗം എടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തരുതായിരുന്നു.
പാകിസ്താന്റെ ഉറക്കം കെടുത്താനാണ് മോദി ശ്രമിക്കേണ്ടത്. ഉറക്കം കെടാന്‍ പോകുന്നത് മോദിയുടേതാണ്. പ്രധാനമന്ത്രി ഈ നിലയില്‍ രാഷ്ട്രീയ പ്രസംഗം നടത്തുമ്പോള്‍ മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി നല്‍കിയില്ല. അദ്ദേഹം ചുട്ട മറുപടി നല്‍കണമായിരുന്നു, കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
അദാനിയെ എതിര്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ മോദി വിമര്‍ശിക്കാതിരിക്കുന്നത് എങ്ങനെയെയാണ്. സ്വന്തം സുഹൃത്തിനെ കണ്ട മോദി സ്വയം മറന്നു പോയി. പാര്‍ട്ടിയോട് ആലോചിച്ചാണ് പ്രതിപക്ഷ നേതാവ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. എം പി യും ,എംഎല്‍എ യും പങ്കെടുത്തതും പാര്‍ട്ടിയുടെ അറിവോടെയാണ്. ബി ജെ പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വേദിയിലിരുന്ന് മുദ്രാവാക്യം വിളിച്ചത് തുടക്കത്തില്‍ തന്നെ പരിപാടിയുടെ അന്തസ്സ് ഇല്ലാതാക്കിയെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരം എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര എക്‌സില്‍ കുറിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന സമയത്ത് പ്രധാനമന്ത്രി തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണ്. ശത്രുക്കള്‍ ചിരിക്കുന്നുണ്ടാകണം എന്നും പവന്‍ ഖേര എക്‌സില്‍ കുറിച്ചു. വിഴിഞ്ഞത്ത് ഇന്ന് നടന്നത് രാഷ്ട്രീയ പ്രസംഗമായിരുന്നുവെന്നും പരിപാടിയുടെ അവസാനം ദേശീയഗാനം പോലും ആലപിച്ചില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രിയും ഗവര്‍ണറും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങില്‍ ദേശീയഗാനം ഉണ്ടാവാത്തത് പരിപാടിയുടെ ശോഭ കെടുത്തിയെന്നും വിമര്‍ശനമുണ്ട്.