എന്തിനെയും എതിർക്കുക എന്നത് നയമായി സ്വീകരിച്ചവരാണ് പ്രതിപക്ഷം;മുഖ്യമന്ത്രി

വീണ്ടും പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരമില്ല. എന്തിനെയും എതിർക്കുക എന്നത് നയമായി സ്വീകരിച്ചവരാണ് പ്രതിപക്ഷം. പ്രതിപക്ഷം നശീകരണ പക്ഷമെന്ന് സ്വയം കരുതുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെൻഷൻ, ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്ലൈൻ, കിഫ്ബി, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോൺ, ചൂരൽമല-മുണ്ടക്കൈ, കെ-റെയിൽ എന്നീ വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാട് എന്താണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനുപോലും ദൗർഭാഗ്യവശാൽ പ്രതിപക്ഷ നേതാവ് വിഡി സതീശനിൽ നിന്ന് ഉത്തരം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പകരം വസ്തുതാ വിരുദ്ധവും അബദ്ധ ജഡിലവുമായ കുറെ കാര്യങ്ങൾ നിരത്തുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തത്. ഉന്നയിച്ച ഒരു വിഷയത്തിന് പോലും കൃത്യമായ മറുപടി പറയാൻ കഴിയാത്തതിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാകൂവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.


