KeralaNews

ഇത് മലയാളിയുടെ സ്വപ്ന പദ്ധതി ; ‘2026ലെ പുതുവർഷ സമ്മാനമായി ദേശീയപാതാ പദ്ധതി പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കേന്ദ്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയ പാതാ പദ്ധതിയുടെ ആവശ്യകത അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദേശീയപാത നിര്‍മ്മാണത്തിലെ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ചര്‍ച്ചയായെന്നും അദ്ദേഹം പറഞ്ഞു.

‘ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ കുറിച്ച് ചര്‍ച്ചയില്‍ ഉയര്‍ന്നു. വയഡക്ട് നിര്‍മ്മിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി. കൂരിയാട് റോഡ് തകര്‍ന്ന ഭാഗത്ത് കരാര്‍ കമ്പനിയെ തുടര്‍ നടപടികളില്‍ നിന്ന് വിലക്കി. മറ്റ് ഇടങ്ങളില്‍ വിള്ളല്‍ ഉള്ള കാര്യം ഫോട്ടോ സഹിതം നേരത്തെ അറിയിച്ചതാണ്. നിര്‍മ്മാണത്തില്‍ അപാകത ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ച് ഇടപെടുമെന്നും ഉറപ്പുനല്‍കി. അത് ഇന്നും ധരിപ്പിച്ചു’, മുഹമ്മദ് റിയാസ് പറഞ്ഞു.

മലയാളിയുടെ സ്വപ്ന പദ്ധതിയാണിതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതി എങ്ങനെ യാഥാര്‍ത്ഥ്യമായി എന്ന് നിങ്ങള്‍ക്കറിയാമെന്നും ഒരുപാട് പ്രതിസന്ധി ഭൂമി ഏറ്റെടുക്കലുമായി ഉണ്ടായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ജനങ്ങളെ ഒപ്പം നിര്‍ത്തി ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയെന്നും എന്‍എച്ച്എഐ നിരവധി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘എന്‍എച്ച്എഐയ്ക്ക് ഒപ്പം സംസ്ഥാന സര്‍ക്കാര്‍ നിന്നു. ഇപ്പോള്‍ തന്നെ നിര്‍മ്മാണം വൈകി. സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കണമെന്നാണ് നാടിന്റെ ആകെ ആഗ്രഹം. പദ്ധതി മുടങ്ങില്ല. നിര്‍മാണം ഡിസംബറിനകം പൂര്‍ത്തീകരിക്കാനാകും എന്നാണ് കേന്ദ്രമന്ത്രിയുടെ അഭിപ്രായം. 2026 പുതുവര്‍ഷ സമ്മാനമായി പദ്ധതി പൂര്‍ത്തിയാക്കും’, അദ്ദേഹം പറഞ്ഞു.

നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചു പരിഹരിച്ച് മുന്നോട്ടു പോവുക, സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുക എന്നീ കാര്യങ്ങളാണ് കേന്ദ്ര മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രധാനമായും ആവശ്യപ്പെട്ടതെന്നും റിയാസ് പറഞ്ഞു. പുതിയ പദ്ധതികള്‍ കേരളത്തില്‍ ലഭ്യമാക്കുന്നതും ചര്‍ച്ചയായെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ പോലെ വീതിയുള്ള റോഡുകള്‍ കേരളത്തില്‍ അത്ര എളുപ്പം അല്ലെന്നും റിയാസ് വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കാന്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പ്രയാസം കേരളത്തിലാണ്. പാലക്കാട് – മലപ്പുറ്റം – കോഴിക്കോട് എന്‍എച്ച് 966 ഗതാഗതക്കുരുക്ക് മാറ്റാന്‍ ജൂലൈ അവസാനം ഗ്രീന്‍ഫീല്‍ഡ് ഹൈവേക്ക് അംഗീകാരം നല്‍കുമെന്നും മന്ത്രി വ്യക്കമാക്കി.

‘കൊല്ലം ചെങ്കോട്ട ഗ്രീന്‍ ഫീല്‍ഡ് പദ്ധതിക്ക് സെപ്റ്റംബര്‍ മാസം ഉത്തരവ് ആകും. കണ്ണൂര്‍, കോഴിക്കോട് എയര്‍പോര്‍ട്ടുകളുമായി ബന്ധപ്പെട്ട റോഡുകള്‍ക്കും വേഗത്തില്‍ അനുമതി നല്‍കും. കിഫ്ബി വഴിയാണ് പല പദ്ധതിക്കും പണം ലഭ്യമാക്കിയത്. ഇത് കാരണം കടമെടുപ്പ് പരിധിയില്‍ വലിയ വെട്ടിക്കുറവ് ഉണ്ടായി. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു’, മുഹമ്മദ് റിയാസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button