ഓണത്തിന് പ്രത്യേക അരി വിഹിതം നല്‍കാനാകില്ല’; കേന്ദ്രം അറിയിച്ചതായി ഭക്ഷ്യവിഭവ മന്ത്രി

0

ഓണത്തോടനുബന്ധിച്ച് കേരളത്തിന് പ്രത്യേക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയതായി ഭക്ഷ്യ വിഭവ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. കേന്ദ്ര സഹായം ലഭിക്കില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഓണ വിപണിയില്‍ അരി വില പിടിച്ചു നിര്‍ത്താന്‍ വേണ്ട ഇടപെടല്‍ നടത്തും. കേരളത്തില്‍ എത്തിയ ശേഷം തീരുമാനമുണ്ടാകുമെന്നും ഡല്‍ഹിയിലുള്ള മന്ത്രി അറിയിച്ചു.

കാര്‍ഡ് ഒന്നിന് 5 കിലോ അരി നല്‍കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി കേരളത്തെ സഹായിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം മറുപടി നല്‍കിയത്. നിര്‍ത്തിവെച്ച ഗോതമ്പും നല്‍കില്ല. മണ്ണെണ്ണ വിഹിതം രണ്ട് വര്‍ഷമായി ലഭിക്കുന്നില്ല. മണ്ണെണ്ണ കരാറുകാര്‍ പിന്മാറിയതിനാല്‍ വിതരണത്തിന് തടസ്സം നേരിട്ടു. ഒടുവില്‍ പ്രശ്‌നം കേരള സര്‍ക്കാര്‍ പരിഹരിച്ചു. വിട്ടു കിട്ടാന്‍ ഉള്ള മണ്ണെണ്ണ ഉടന്‍ വിട്ടു നല്‍കുമെന്ന് ഇന്ന് കേന്ദ്രം അറിയിച്ചു. മൂന്നുമാസത്തേക്ക് 5676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് അനുവദിച്ചത്. അതെടുക്കാനുള്ള സമയം ജൂണ്‍ 30 വരെ ആയിരുന്നു. ഇത് സെപ്റ്റംബര്‍ 30 വരെ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രി ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയതായും മന്ത്രി വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here