
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ ആറന്മുളയും റാണിയും ഉൾപ്പടെയുള്ള ദുരന്തബാധിത മേഖലകൾ നാളെ മുഖ്യമന്ത്രി വി ഡി സതീശൻ സന്ദർശിക്കും. നാളെ ഉച്ചയ്ക്ക്12 മണിയോടെ മുഖ്യമന്ത്രി ആറന്മുളയിൽ എത്തും. മഴ മാറി നില്കുന്നുണ്ടെങ്കിലും ആറന്മുളയിൽ ആശങ്കക്ക് അയവില്ല. ജലനിരപ്പ് ഇപ്പോഴും ഉയരുകയാണ്. ഒറ്റപ്പെട്ട് കിടക്കുന്നവരെ അതിവേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. നാളെ 12 ജില്ലകളിൽ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലുമാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നിലനിൽക്കും.തമിഴ്നാടിനു മുകളിലെ ചക്രവാതചുഴിയുടെ സ്വാധീനമാണ് മഴയുടെ ശക്തി വർദ്ധിക്കാൻ കാരണം. മഴയോടൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
സംസ്ഥാനത്തെ പല ഡാമുകളിലും ജലനിരപ്പ് അതിന്റെ പരമാവധി അളവിലാണ്. വിവിധ അണക്കെട്ടുകളിൽ നിന്ന് വെള്ളം നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. നദീ പരിസരങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം . കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ചെറുവള്ളങ്ങളിൽ പോലും കടലിൽ പോകരുതെന്നാണ് നിർദേശം .




