പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി ആശംസാ സന്ദേശത്തിൽ പറഞ്ഞു.
കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരുമെന്ന പ്രത്യാശയുടെ കിരണങ്ങളാണ് പുതുവത്സരാഘോഷങ്ങൾക്ക് നിറവേകുന്നത്. പരസ്പര സ്നേഹത്തിന്റെയും മൈത്രിയുടെയും ഉദാത്ത മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് കരുതലോടെ നമുക്കും ഈ ആഘോഷങ്ങളിൽ പങ്കുചേരാമെന്നും മുഖ്യമന്ത്രി ആശംസയിൽ അറിയിച്ചു.
അതേസമയം, ലോകത്ത് പലയിടത്തും നേരത്തെ തന്നെ പുതുവർഷം എത്തിയിട്ടുള്ളതിനാൽ ആഘോഷവും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ദക്ഷിണ പസഫിക് രാജ്യങ്ങളാണ് ആദ്യമായി ന്യൂഇയറിനെ വരവേൽക്കുക. പതിവ് പോലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് ആദ്യമായി ന്യൂ ഇയർ എത്തിയിരിക്കുന്നത്. പിന്നാലെ ന്യൂസിലാന്‍റിലെ ഓക് ലന്‍റിലും പുതുവർഷം പിറന്നിരുന്നു.



