കേന്ദ്രം കേരളത്തെ വരിഞ്ഞു മുറുക്കുന്നു; മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കേരളത്തെ വരിഞ്ഞു മുറുക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അർഹമായ വിഹിതവും വായ്പ വെട്ടി കുറച്ചും സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്നു. കേരളത്തിൻ്റ വികസന മാതൃകയെ തകർക്കുകയാണ് ഈ നടപടികൾക്ക് പിന്നിലെ ഉദ്ദേശം. കേന്ദ്ര വിഹിതത്തിലെ വിവേചനം ബജറ്റിനെ തന്നെ ബാധിക്കുന്നു. ആകെ റവന്യു വരുമാനത്തിൻ്റെ 70ശതമാനം സംസ്ഥാനം തന്നെ കണ്ടെത്തേണ്ട സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി , പെൻഷൻ കമ്പനി വായ്പകളുടെ പേരിൽ പൊതു കട പരിധിയിൽ കുറവ് വരുത്തി. കേന്ദ്രത്തിൻ്റെ നെറ്റ് ബോറോവിങ്ങ് സീലിങ്ങ് 39000 കോടിയാക്കി വെട്ടി കുറച്ചു. കേന്ദ്ര സമീപനം മൂലം ഒരു ലക്ഷത്തിൽ പരം കോടി രൂപയുടെ വിഭവ നഷ്ടമാണ് സംഭവിച്ചത്. കൃത്യമായ സാമ്പത്തിക ഉപരോധമാണിത്. സുതാര്യമായി നടക്കുന്ന സംസ്ഥാന ലോട്ടറിയെ പോലും തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ അക്കമിട്ട് നിരത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് വിശദമായ നിവേദനം നൽകിയിരുന്നു. എന്നാൽ നിഷേധാത്മക നിലപാടാണ് തുടർന്നും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഒരു വശത്ത് വികസനത്തെ കുറിച്ച് സംസാരിക്കുകയും മറുവശത്ത് കേരളം പോലുള്ള സംസ്ഥാനങ്ങളെ സാമ്പത്തികമായി തളർത്താൻ ശ്രമക്കുന്ന ഇരട്ടത്താപ്പാണ് കേന്ദ്രത്തിന്റേതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ തനത് വരുമാനത്തിലും വിഭവ സമാഹാരത്തിലും വമ്പിച്ച കുതിപ്പ് ഉണ്ടാക്കാൻ എട്ട് വർഷം കൊണ്ട് എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. ചിട്ടയായ ധനമാനേജ്‌മെന്റിന്റെ ഫലമാണിത്. നമ്മൾ കഷ്ടപ്പെട്ട് നേടിയെടുത്ത പുരോഗതിയെ അപ്രസക്തമാക്കും വിധം അർഹമായ വിഹിതം നിഷേധിച്ചും കടം എടുപ്പ് പരിധി വെട്ടിക്കുറച്ചും സംസ്ഥാനത്തെ വരിഞ്ഞുമുറുക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


