റെക്കോർഡ് ഭേദിച്ച് തമിഴ്നാടും ബംഗാളും; തമിഴ്നാട്ടിൽ 85 ശതമാനം പോളിംഗ്, ബംഗാളിൽ 90 കടക്കുമെന്ന് സൂചന; സംഘർഷങ്ങൾക്കിടയിലും വോട്ടൊഴുക്ക്

ചെന്നൈ/കൊൽക്കത്ത: തമിഴ്നാട്ടിലും പശ്ചിമബംഗാളിലും സർവകാല റെക്കോഡുകൾ ഭേദിച്ച് പോളിംഗ് ശതമാനം ഉയർന്നു. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ വൈകീട്ട് 6 മണി വരെ 85 ശതമാനത്തോളം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതുവരെ 4.7 കോടി വോട്ടർമാർ ആണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. ചെന്നൈയിൽ അടക്കം മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്. പോളിംഗ് പൊതുവേ സമാധാനപരമായിരുന്നു. അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കുടുംബസമേതം ചെന്നൈയിലും ടി വി കെ അധ്യക്ഷൻ വിജയ് നീലാങ്കരയിലും എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി എടപ്പാടിയിലും വോട്ട് ചെയ്തു. 2011 ലെ സർവകാല റെക്കോഡും കടന്നാണ് തമിഴ്നാട്ടിലെ പോളിംഗ് കുതിപ്പ്.
പശ്ചിമബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പിൽ 6 മണിവരെയുള്ള കണക്കുകൾ പുറത്തുവരുമ്പോൾ പോളിംഗ് ശതമാനം 90 കടക്കുമെന്നാണ് വ്യക്തമാകുന്നത്. വോട്ടെടുപ്പിനിടയിലും ബംഗാളിലെ പലമേഖലകളിലും സംഘർഷമുണ്ടായി. പോളിംഗ് സമയം കഴിഞ്ഞെങ്കിലും 6 മണിക്കുള്ളിൽ ബൂത്തിലെത്തിയവർക്ക് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ ഇരു സംസ്ഥാനങ്ങളിലേയും വോട്ടെടുപ്പ് കണക്കുകളിൽ വ്യത്യാസം ഉണ്ടാകും.
പശ്ചിമബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പിൽ വടക്കൻ ബംഗാളുൾപ്പടെ 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലെ ജനങ്ങളാണ് ബൂത്തിലെത്തിയത്. എല്ലായിടത്തും രാവിലെ സ്ത്രീകളടക്കം കൂട്ടത്തോടെയെത്തി വോട്ട് രേഖപ്പെടുത്തി. 2021 ൽ 82.64 ശതമാനമായിരുന്നു ആകെ പോളിംഗ്. മുർഷിദാബാദിലെ നൗദയിൽ ഇന്നലെ രാത്രി പ്രൈമറി സ്കൂളിന് സമീപം റോഡിൽ പെട്രോൾ ബോംബ് എറിഞ്ഞ് സ്ത്രീക്ക് പരിക്കേറ്റിരുന്നു. ഇവിടേക്ക് വന്ന ആം ജനത ഉന്നായൻ പാർട്ടി നേതാവ് ഹുമയൂൺ കബീറിനെതിരെ ടി എം സി പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. കേന്ദ്രസേന ലാത്തി ചാർജ് നടത്തിയാണ് ആളുകളെ നീക്കിയത്. 2 പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. സൗത്ത് ദിനാജ്പൂരിലെ ബി ജെ പി സ്ഥാനാർത്ഥി സുബേന്ദു സർക്കാറിനെ ടി എം സിക്കാർ വളഞ്ഞിട്ട് തല്ലി. അസൻസോൾ ദക്ഷിൺ സ്ഥാനാർത്ഥി അഗ്നിമിത്ര പോളിന്റെ വാഹനത്തിന്റെ ചില്ല് എറിഞ്ഞ് പൊട്ടിച്ചു.
ബിർഭൂമിലെ ലാബ്പൂരിൽ ബി ജെ പി ബൂത്ത് എജന്റിനെ ആക്രമിച്ച് തലക്ക് പരിക്കേൽപിച്ചു. സി ആർ പി എഫ് ജവാന് നേരെ ആൾക്കൂട്ടം കല്ലെറിഞ്ഞ് താടിക്ക് പരിക്കേറ്റു. അക്രമ സംഭവങ്ങള്ക്കിടയിലും പോളിംഗ് സുഗമമായി നടന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കം റാലികൾ നടത്തി. സ്ത്രീകള്ക്ക് പ്രതിമാസം മൂവായിരം രൂപ, ഗർഭിണികൾക്ക് 21000 രൂപ, ബിരുദപഠനത്തിന് അൻപതിനായിരം രൂപ, വീട് നിർമ്മിക്കാൻ ഒന്നരലക്ഷം അടക്കം പത്ത് പ്രഖ്യാപനങ്ങൾ നരേന്ദ്രമോദി നടത്തി.
മെയ് നാല് തൃണമൂലിന്റെ എക്സ്പയറി ഡേറ്റാണെന്നും മോദി അഭിപ്രായപ്പെട്ടു. അതേസമയം മമതയെ ബി ജെ പി അധിക്ഷേപിക്കുന്നുവെന്ന പ്രചാരണം പോളിംഗ് ദിനത്തിലും ടി എം സി സജീവമാക്കുകയാണ്. 2.4 ലക്ഷം സൈനിക വിന്യാസം ചൂണ്ടിക്കാട്ടി ബംഗാളിൽ പട്ടാള ഭരണത്തിന് തുല്യമായ അവസ്ഥയാണെന്ന് അഭിഷേക് ബാനർജി പറഞ്ഞു. ഉയർന്ന പോളിംഗ് ഭരണ വിരുദ്ധ വികാരമാണെന്ന് ബി ജെ പി കരുതുമ്പോൾ, ന്യൂനപക്ഷ വോട്ടുകളടക്കം സുരക്ഷിതമായി തങ്ങളിലെത്തിയെന്ന ആത്മവിശ്വാസത്തിലാണ് ടി എം സി.



