KeralaNews

സുരേഷ് ഗോപിക്ക് എതിരായ പുലിപ്പല്ല് കേസ്; BJP നേതാക്കളുടെ മൊഴിയെടുക്കും

പുല്ലിപ്പല്ല് കെട്ടിയ മാല ധരിച്ചെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ കേസിൽ , ബിജെപി നേതാക്കളുടെ മൊഴിയെടുക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അനീഷ് കുമാർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് വനംവകുപ്പ് ഉടൻ നോട്ടീസ് അയക്കും. യൂത്ത് കോൺ​​ഗ്രസ് നേതാവായ മുഹമ്മദ് ഹാഷിം ആണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്.

കേസിൽ പരാതിക്കാരന്റെ മൊഴി അടക്കം രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് പരാതിക്കാർ ഹാജരാക്കിയ ദൃശ്യത്തിലുള്ള ബിജെപി നേതാക്കളുടെ മൊഴി എടുക്കാൻ വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പുലിപ്പല്ല് ധരിച്ചുള്ള മാലയെക്കുറിച്ചുള്ള വിവരങ്ങൾ‌ തേടാനായാണ് വനംവകുപ്പ് ഇവരെ വിളിച്ചുവരുത്തുന്നത്. പരാതിക്കാരൻ നൽകിയിരിക്കുന്ന തെളിവുകൾ സംബന്ധിച്ചും വിവരങ്ങൾ തേടും. കേന്ദ്രമന്ത്രി പുലിപ്പല്ല് കെട്ടിയ മാല ഉപയോഗിച്ചതോടെ 1972-ലെ വനം-വന്യജീവി സംരക്ഷണ നിയമ ലംഘനം നടത്തിയെന്നും സംഭവവുമായി ബന്ധപ്പെട്ട് കൈവശമുള്ള മുഴുവൻ രേഖകളും വനംവകുപ്പിന് കൈമാറിയെന്നും പരാതിക്കാരൻ പറഞ്ഞിരുന്നു.

വിശ്വാസ സംരക്ഷണ റാലിയിൽ പങ്കെടുത്തപ്പോൾ സുരേഷ് ഗോപി പുലിപ്പല്ല് കെട്ടിയ മാല ധരിച്ചിരുന്നെന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ യഥാർഥ പുലിപ്പല്ല് ആണോ എന്നതിൽ സ്ഥിരീകരണം വേണ്ടതിനാലും വനം- വന്യജീവി നിയമത്തിന്റെ കീഴിൽ വരുന്ന വിഷയമായതിനാലും തുടരന്വേഷണം വനം വകുപ്പിന് കൈമാറുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button