തിരുവനന്തപുരം:കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35-)o സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വെള്ളനാട് ജി കാർത്തികേയൻ സ്മാരക ഗവ.വി & എച്ച് എസ് എസിൽ നടന്ന ‘കൈകോർക്കാം യുവതയ്ക്കായ് ‘ സെമിനാർ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികളും യുവാക്കളും ജാഗരൂകരായിരിക്കണമെന്നും ലഹരിക്കെതിരെ പോരാട്ടത്തിൽ അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹമൊന്നാകെ ഒന്നിച്ചണിനിരക്കേണ്ട സമയമാണിതെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളിൽ ആരെങ്കിലും ലഹരിക്കടിമപ്പെട്ടാൽ ദുരഭിമാനം ഒഴിവാക്കി രക്ഷിതാവ് തന്റെ കുട്ടിയെ നേർവഴിക്ക് നയിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
കെ പി ഒ എ സംസ്ഥാന പ്രസിഡന്റ് ആര്‍ പ്രശാന്തിന്റെ അധ്യക്ഷതയിൽ നടന്ന സെമിനാറിൽ ജി. സ്റ്റീഫൻ എം എൽ എ മുഖ്യാതിഥിയായി.തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗത്തിലെ ഡോ.ബി അരുൺകുമാർ,ഡോ. മനോജ് വെള്ളനാട്, എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി . വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഇന്ദുലേഖ, വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാജലക്ഷ്മി, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ രാജശ്രീ കെ എസ്,വി എച്ച് എസ് ഇ സ്കൂൾ പ്രിൻസിപ്പാൾ ജയശ്രീ ആർ, സ്കൂൾ എച്ച് എം പ്രേംദേവാസ് എൻ ജെ, കെ ബാലചന്ദ്രൻ നായർ, രശ്മി എസ് എന്നിവർ പങ്കെടുത്തു. സെമിനാറിന് കെ പി ഒ എ സംസ്ഥാന ട്രഷറർ വി ചന്ദ്രശേഖരൻ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ബി ഹരിലാൽ നന്ദിയും രേഖപ്പെടുത്തി.