Kerala

വയനാട് ദുരന്തം; കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളി : മന്ത്രി കെ രാജൻ

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രത്തിൻ്റെ നിലപാട് യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. കേന്ദ്രം അവഗണിച്ചാലും ദുരന്ത ബാധിതരെ സർക്കാർ ചേർത്തുനിർത്തും. ലോക മലയാളികളുടെയും മനുഷ്യസ്നേഹികളുടെയും സഹായത്തോടെ ഇത് സാധ്യമാക്കുമെന്നും പ്രതിപക്ഷത്തെ വിശ്വാസത്തിൽ എടുത്ത് കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി.

കേരളത്തിന് പ്രത്യേക ഫണ്ട് എപ്പോൾ ലഭ്യമാക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ലെവൽ 3 ദുരന്ത വിഭാഗത്തിൽ ഉൾപ്പെടുത്തുമോയെന്നും തീരുമാനമായില്ല. ഉന്നതതല സമിതി ഇനിയും അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ലെന്നാണ് സൂചന. കേരളം കൊടുത്ത മെമ്മോറാണ്ടത്തിൽ പിശകുണ്ടെന്നായിരുന്നു വയനാട് തിരഞ്ഞെടുപ്പിൽ അടക്കം പ്രചരിച്ചിരുന്നത്. ഇത് തെറ്റാണെന്ന് കേന്ദ്ര മന്ത്രിയുടെ കത്ത് തെളിയിക്കുന്നു.

മുൻകൂറായി തന്ന തുകയും നീക്കിയിരിപ്പുണ്ട് എന്ന് പറയുന്നതും മറ്റു ദുരന്തങ്ങൾക്കായി ഉപയോഗിക്കേണ്ടതാണ്. കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കില്ലെന്നും കേരളത്തിന്‍റെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകുമെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസും വിവിധ ഹർജികളും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.കോടതിയിൽ കേന്ദ്രത്തിൻറെ നിലപാട് എന്തെന്ന് അറിയണമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button