KeralaNews

സി.പി.ഐ വകുപ്പുകളെ അവഗണിച്ച് സംസ്ഥാന ബജറ്റ്; അതൃപ്തി പ്രകടിപ്പിച്ച് മന്ത്രിമാർ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സി.പി.ഐയുടെ വകുപ്പുകളെ അവഗണിച്ചുവെന്നു പരാതി. സിവിൽ സപ്ലൈസ് വകുപ്പിനും കൃഷി വകുപ്പിനും കാര്യമായ പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഉണ്ടായിട്ടില്ല. പാർട്ടി നേതൃയോഗങ്ങളിൽ ഇതിൽ പരാതി ഉന്നയിക്കാനാണ് മന്ത്രിമാരുടെ നീക്കം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സിവിൽ സപ്ലൈസ് വകുപ്പ് മുന്നോട്ടുപോകുന്നത്. അവശ്യസാധനങ്ങൾ ലഭ്യമാകുന്നില്ലെന്ന പരാതി തുടർച്ചയായി വകുപ്പ് നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ ബജറ്റിൽ കാര്യമായ പ്രഖ്യാപനങ്ങൾ ഭക്ഷ്യവകുപ്പ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ബജറ്റ് പ്രഖ്യാപിച്ചപ്പോൾ കടുത്ത നിരാശയായിരുന്നു ഫലം. ഇതിൽ വകുപ്പിനു കടുത്ത അതൃപ്തിയുമുണ്ട്.

ഇപ്പോഴത്തെ പ്രതിസന്ധി നേരിടാൻ 500 കോടി രൂപയെങ്കിലും വേണം. 300 കോടി ബജറ്റിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് കിട്ടാതെ വന്നതോടെയാണ് ഭക്ഷ്യ വകുപ്പ് അതൃപ്തി പരസ്യമാക്കിയത്. ഇക്കാര്യം വകുപ്പ് ധനമന്ത്രിയെ അറിയിക്കും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ നിർവഹണത്തിനുള്ള സഹായത്തിനായി 41.17 കോടി രൂപ, വിശപ്പ് രഹിത കേരളം പദ്ധതി നടത്തിപ്പിന് രണ്ടുകോടി, സപ്ലൈകോ ഔട്ട്ലെറ്റുകളുടെ നവീകരണത്തിന് 10 കോടി, പൊതുവിതരണ വകുപ്പിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് 2.50 കോടി. ഈ പ്രഖ്യാപനം കൊണ്ടൊന്നും സപ്ലൈക്കോയുടെ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ കഴിയില്ല.

റേഷൻ വിതരണത്തിലെ സാമ്പത്തിക തടസ്സം പരിഹരിക്കുന്നതിനും ബജറ്റിൽ പ്രഖ്യാപനം ഉണ്ടായില്ല. വകുപ്പുമായി ബന്ധപ്പെട്ട കാര്യം ബജറ്റിൽ ഒറ്റവാക്കിൽ ഒതുക്കിയതിലും ഭക്ഷ്യവകുപ്പിന് എതിർപ്പുണ്ട്. ഈ അതൃപ്തി കാരണമാണ് ബജറ്റ് അവതരണത്തിനുശേഷം ധനമന്ത്രിക്ക് ഹസ്തദാനം നൽകാതെ ഭക്ഷ്യമന്ത്രി നിയമസഭയിൽനിന്ന് മടങ്ങിയത്.

സി.പി.ഐയുടെ മറ്റ് മൂന്ന് വകുപ്പുകളുടെയും അവസ്ഥ ഇത് തന്നെയാണ്. കടുത്ത പ്രതിഷേധമുണ്ടെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽനിൽക്കുമ്പോൾ അത് പൊതുസമൂഹത്തിനുമുന്നിൽ ഉയർത്താൻ സി.പി.ഐ തയാറല്ല. 10, 11 തിയതികളിൽ നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ മന്ത്രിമാർ ബജറ്റുമായി ബന്ധപ്പെട്ട വിമർശനം ഉയർത്തിയേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button