News

വര്‍ഗീയവാദിയാണെന്ന് പ്രചരിപ്പിച്ചു; ലീഗിനെതിരെ വെള്ളാപ്പള്ളി

മുസ്ലീം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ മുസ്ലീം വിരോധിയായി കണ്ട് വേട്ടയാടുന്നു. ലീഗ് മലപ്പുറം പാര്‍ട്ടിയെന്നും എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞതിലെല്ലാം ഉറച്ച് നില്‍ക്കുകയാണെന്നും എന്നും അര്‍ഹതപ്പെട്ടത് ചോദിച്ച് വാങ്ങിക്കുന്നത് ജാതി പറയലല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ സഞ്ചരിക്കുന്നത് ശ്രീനാരായണ ഗുരുവിന്റെ പാതയിലാണ്. എന്നാലിപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയ വാദി എന്നാണ് തന്നെ മുസ്ലിം ലീഗ് പ്രചരിപ്പിക്കുന്നത്. എന്നെ ദേശീയവാദിയായി അവര്‍ തന്നെ കൊണ്ടുനടന്ന കാലം ഉണ്ടായിരുന്നു. ഇപ്പോള്‍ വര്‍ഗീയ വാദി ആക്കിയതിന്റെ ചരിത്രം കേരളം അറിയണം. എനിക്ക് ജാതി ചിന്ത ഇല്ല. ജാതി വിവേചനം ചൂണ്ടിക്കാണിക്കും. അര്‍ഹത ചോദിച്ചു വാങ്ങുന്നത് ജാതി പറയലല്ല. മുസ്ലിം ലീഗിന് ദാര്‍ഷ്ട്യവും അഹങ്കാരവുമാണ്. മണി പവറും മസില്‍ പവറും ഉള്ളവരാണ് അവര്‍. എല്ലാം മലപ്പുറത്തേക്ക് ഊറ്റി എടുക്കുന്നു. മതേതരത്വവും ജനാധിപത്യവും പറയുന്ന ലീഗ് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്തു. ലീഗില്‍ തന്നെ സമ്പന്നര്‍ക്കാണ് ആനുകൂല്യങ്ങള്‍. കോളേജുകള്‍ പോലും മുസ്ലിങ്ങളിലെ സമ്പന്നരുടെ ട്രസ്റ്റുകള്‍ക്കാണ് ലീഗ് നല്‍കിയത്. ഭരണം കൈവിട്ടപ്പോള്‍ ലീഗ് തന്നെ വന്ന് കണ്ടിരുന്നു. ഇനി ഒരുമിച്ച് പോകാമെന്ന് പറഞ്ഞു. എന്നാല്‍ തനിക്ക് അതിന് പറ്റില്ലെന്നും ലീഗിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അന്ന് തന്നെ പറഞ്ഞിരുന്നെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മലപ്പുറത്ത് താന്‍ പ്രസംഗിച്ചപ്പോള്‍ മുസ്ലീം സമുദായത്തെ ആക്ഷേപിച്ചു എന്ന് പ്രചരിപ്പിച്ചു. മുസ്ലീം സമുദായത്തെ അല്ല, ലീഗിനെ ആണ് എതിര്‍ത്തത്. മതവിദ്വേഷം പ്രചരിപ്പിച്ചു എന്ന് പറഞ്ഞ് തന്നെ തീവ്രവാദിയാക്കി ചിത്രീകരിച്ചു. മുസ്ലീം ലീഗിനെതിരെ എകെ ആന്റണി സംസാരിച്ചപ്പോള്‍ ആന്റണിയെ താഴെയിറക്കാന്‍ ശ്രമിച്ചു. എന്നെ ഇപ്പോള്‍ വര്‍ഗീയ വാദിയാക്കി. ഞാന്‍ എന്ത് തെറ്റ് ചെയ്തു? പണവും പ്രതാപവും ഉണ്ടെന്ന് കരുതി എല്ലാവരെയും കൂടെ നിര്‍ത്താം എന്ന് വിചാരിക്കരുത്. ഫസല്‍ ഗഫൂര്‍ വലിയ കൊള്ള നടത്തുന്നു. അയാളാണ് എന്നെ ചീത്ത പറയുന്നത്. ലീഗിനെ പ്പോലെ മത സൗഹാര്‍ദം തകര്‍ക്കുന്ന പാര്‍ട്ടി വേറെയില്ലെന്നും തന്റെ സമുദായത്തിന്റെ ദു:ഖം പറഞ്ഞതിന് തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button