Kerala

രണ്ട് മരണങ്ങൾക്ക് പിന്നാലെ ആലപ്പുഴ ജില്ലയിൽ രണ്ടുപേർക്ക് കൂടി പാമ്പുകടിയേറ്റു

ആലപ്പുഴ: ജില്ലയിൽ പാമ്പുകടി സംഭവങ്ങൾ വർധിക്കുന്നത് ജനങ്ങളെ കടുത്ത ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞദിവസം രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വെള്ളിയാഴ്ച രാത്രി വീണ്ടും രണ്ടുപേർക്ക് കൂടി പാമ്പുകടിയേറ്റു. കായംകുളത്ത് 15 വയസ്സുകാരിയും തോട്ടപ്പള്ളിയിൽ മധ്യവയസ്കനുമാണ് കടിയേറ്റത്. കായംകുളം എരുവ സ്വദേശി സന്തോഷിന്റെ മകൾ അനാമിക (15) യ്ക്കാണ് വെള്ളിയാഴ്ച രാത്രി കടിയേറ്റത്. ഉടൻ തന്നെ കായംകുളം ആശുപത്രിയിലെത്തിച്ച് അഞ്ച് ഡോസ് ആന്റിവെനം നൽകി. നിലവിൽ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അനാമിക അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

തോട്ടപ്പള്ളി സ്വദേശി സാലിക്കാണ് (51) അർധരാത്രിയോടെ പാമ്പുകടിയേറ്റത്. രാത്രി 12.30-ഓടെയായിരുന്നു സംഭവം. ഇദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് സ്ത്രീകളാണ് പാമ്പുകടിയേറ്റ് മരിച്ചത്. വിവാഹ സത്കാരത്തിനെത്തിയ കായംകുളം സ്വദേശിനി സലീന (42), കുട്ടനാട് വൈശ്യംഭാഗം സ്വദേശിനി ഇന്ദിര (65) എന്നിവര്‍. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ജില്ലയിലുടനീളം വലിയ ആശങ്കയാണ് പടർത്തുന്നത്. വേനൽ കടുക്കുന്നതോടെ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും പരിസരങ്ങളിലേക്കും ഇറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം നിർദ്ദേശിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button