KeralaNews

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്‌ഐടി

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം. ഇക്കാര്യം ആവശ്യപ്പെട്ട് എസ്‌ഐടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്കെതിരെ വ്യക്തമായ തെളിവുണ്ട്. രണ്ടു കേസുകളില്‍ തന്ത്രിക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്നും, വിചാരണക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നും അപ്പീലില്‍ എസ്‌ഐടി ആവശ്യപ്പെടുന്നു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി 41-ാം ദിവസമാണ് തന്ത്രിക്ക് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. സ്വര്‍ണ്ണക്കൊള്ളയില്‍ എസ്‌ഐടി നടപടികളെ വിമര്‍ശിച്ച കോടതി, കേസില്‍ തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലുമില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. തന്ത്രി ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചിരുന്നു.

കോടതിയുടെ പരാമര്‍ശങ്ങള്‍ കേസിന് തിരിച്ചടിയുണ്ടാക്കുമെന്നും, സ്വര്‍ണ്ണപ്പാളികള്‍ ശബരിമലയില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയ മൗനാനുവാദമാണ് അനുജ്ഞയിലൂടെ നടപ്പാക്കിയതെന്നും, സ്വര്‍ണ്ണക്കൊള്ളയുടെ ഗൂഢാലോചനയില്‍ തന്ത്രിയും ഭാഗമാണെന്നും എസ്‌ഐടി ആരോപിക്കുന്നു. കേസില്‍ തന്ത്രിക്കെതിരായ തെളിവുകള്‍ അപ്പീലില്‍ എസ്‌ഐടി അക്കമിട്ട് നിരത്തുകയും ചെയ്തിട്ടുണ്ട്.

കട്ടിളപ്പാളി, ദ്വാരപാലക കേസുകളില്‍ തന്ത്രിയുടെ പങ്ക് നേരിട്ട് തെളിയിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഹാജരാക്കാന്‍ എസ്ഐടിക്ക് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. തന്ത്രിക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനാ വാദം നിലനില്‍ക്കില്ല. ഗൂഢാലോചന വ്യക്തമാക്കുന്ന തെളിവുകളില്ല. ദ്വാരപാലകശില്‍പ പാളികളും കട്ടിളപ്പാളികളും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതിന്റെ രണ്ടു മഹസ്സറുകളിലും തന്ത്രി ഒപ്പിട്ടിട്ടില്ലെന്നും ജാമ്യ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button