‘ജനങ്ങള്‍ക്ക് മേല്‍ അഴിമതി ഭാരം അടിച്ചേൽപ്പിക്കരുത്’ : വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ പ്രക്ഷോഭത്തിന് യുഡിഎഫ്

0

വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകല്‍ക്കൊള്ളയും. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയ ബാധ്യതയാണ് നിരക്ക് വര്‍ധനവിലൂടെ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്കു മേല്‍ കെട്ടിവച്ചിരിക്കുന്നത്. ജനജീവിതം ദുസഹമാക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി തയാറാകണം.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ദീര്‍ഘകാല കരാര്‍ റദ്ദാക്കി അഴിമതിക്ക് ശ്രമിച്ചതാണ് ബോര്‍ഡിനുണ്ടായ അധിക ബാധ്യതയ്ക്ക് പ്രധാന കാരണം. യൂണിറ്റിന് നാലുരൂപ 26 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി എഴുവര്‍ഷമായി വാങ്ങിക്കൊണ്ടിരുന്നതാണ് കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ആറര മുതല്‍ പന്ത്രണ്ട് രൂപ വരെ നല്‍കേണ്ടി വന്നത്. ഇതിലൂടെ മൂവായിരം കോടിയുടെ അധിക ബാധ്യതയാണ് ബോര്‍ഡിനുണ്ടായത്. ഈ ബാധ്യത ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ല. വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളിയിട്ട് രണ്ട് ദിവസമെ ആയിട്ടുള്ളൂ. അതിനിടയിലാണ് സാധാരണക്കാരനു മേല്‍ സര്‍ക്കാരിന്റെ ഇരുട്ടടി. 2016-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ അതുവരെയുള്ള കടം 1083 കോടി രൂപയായിരുന്നത് ഇപ്പോള്‍ 45000 കോടിയായി.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. എല്ലാത്തരത്തിലും ജനങ്ങളെ ദ്രോഹിക്കുന്നതിനുള്ള ലൈസന്‍സായാണ് ഈ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയെ കാണുന്നത്. ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്ന അഴിമതി സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായുള്ള ജനകീയ പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here