MediaPolitics

ദേശാഭിമാനിയോട് മാപ്പു പറയാൻ സൗകര്യമില്ല, ബാക്കി കോ‌ടതിയിൽ കാണാം; വക്കീൽ നോട്ടീസ് തള്ളി സന്ദീപ് ജി. വാര്യർ

തിരുവനന്തപുരം: മാതൃഭൂമി കെ-ഫെസ്റ്റിവൽ വേദിയിൽ ദേശാഭിമാനിക്കെതിരേ നടത്തിയ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന വക്കീൽ നോട്ടീസ് തള്ളി ബിജെപി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ.

ദേശാഭിമാനി ആംരംഭിച്ചത് ഇന്ത്യൻ സ്വാതന്ത്ര സമരത്തെ ഒറ്റുകൊടുത്തതിന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബ്രിട്ടീഷുകാർ നൽകിയ പണം കൊണ്ടാണെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രസ്താവന. ഈ പ്രസ്താവന പിൻവലിച്ച് ഒരാഴ്ചയ്ക്കകം മാപ്പു പറയാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു വക്കീൽ നോട്ടീസ്.

മാപ്പു പറയാൻ സൗകര്യമില്ലെന്നും ബാക്കി കോടതിയിൽ കാണാമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം……

മാതൃഭൂമി കെ ഫെസ്റ്റിവൽ വേദിയിൽ നടത്തിയ “ദേശാഭിമാനി പത്രമുൾപ്പെടെ ആരംഭിച്ചത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തതിന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബ്രിട്ടീഷുകാരിൽ നിന്ന് കിട്ടിയ പണം കൊണ്ടാണ്” എന്ന എന്റെ പ്രസ്താവന ഒരാഴ്ചയ്ക്കകം പിൻവലിച്ചു നിരുപധികം മാപ്പ് പറയാത്ത പക്ഷം എനിക്കെതിരെ നിയമ നടപടി സ്വീകരിക്കും എന്ന് ഭീഷണിപ്പെടുത്തികൊണ്ടുള്ള ദേശാഭിമാനിയുടെ വക്കീൽ നോട്ടീസ് ഇന്ന് കൈപറ്റി.

ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ. തോമസിന് വേണ്ടി ഹൈകോടതിയിലെ അഭിഭാഷകൻ എന്ന് സ്വയം പരിചയപ്പെടുത്തിയ അഡ്വ. എം. രാജാഗോപാലൻ നായർ അയച്ചിട്ടുള്ള പ്രസ്തുത ലീഗൽ നോട്ടീസിന് എന്റെ അഭിഭാഷകനായ അഡ്വ. ശങ്കു. ടി. ദാസ് മുഖാന്തിരം ഉടനേ തന്നെ നിയമപരമായ മറുപടി അയക്കുന്നതാണ്.

നിയമ വ്യവഹാരം അതിന്റെ മുറയ്ക്ക് കോടതിയിൽ നടക്കട്ടെ.

അതിനിടെ സന്ദീപ് വാര്യർ എന്ന എനിക്ക് വ്യക്തിപരമായി ഇപ്പോൾ പറയാവുന്ന കാര്യം ഇത്രയുമാണ്.

“ദേശാഭിമാനിയോട് മാപ്പ് പറയാൻ എനിക്ക് സൗകര്യമില്ല”.

കനകക്കുന്നിലെ വേദിയിൽ ഞാൻ പറഞ്ഞ ഓരോ വാക്കിലും വാചകത്തിലും ഞാനിപ്പോളും ഉറച്ചു നിൽക്കുന്നു.

അതിന്റെ ഏതെങ്കിലും ഒരു ഭാഗമോ ചെറിയ കഷ്ണമോ പോലും പിൻവലിക്കേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നില്ല.

പറഞ്ഞതത്രയും പൂർണ്ണ സത്യമാണ് എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്.

അത് തെളിയിക്കാനുള്ള ചരിത്ര രേഖകൾ എന്റെ പക്കലുമുണ്ട്.

അത് കൊണ്ട് ഒട്ടും വെച്ച് വൈകിപ്പിക്കാതെ ഉടനടി കേസ് കൊടുക്കാൻ ഞാൻ ദേശാഭിമാനി മാനേജ്മെന്റിനെ വെല്ലുവിളിക്കുകയാണ്.

കോടതിയ്ക്ക് മുന്നിൽ നിങ്ങളുടെ യഥാർത്ഥ ചരിത്രം തെളിയിക്കാനും പൊതുസമൂഹത്തെ കൂടി അതൊന്ന് ബോധ്യപ്പെടുത്താനും ഏറെക്കാലമായി കാത്തിരിക്കുകയാണ് ഞാൻ.

നോട്ടീസിൽ നിങ്ങൾ പ്രസ്താവിച്ച ദേശാഭിമാനിയുടെ വ്യാജ ചരിത്രത്തെയും അത് സ്ഥാപിച്ച ഇ.എം.എസ് ഉൾപ്പെടെയുള്ള നേതാക്കളുടെ യഥാർത്ഥ ജീവിതത്തെയും പറ്റി കൃത്യമായ വസ്തുതകൾ ഞാൻ സമാഹരിച്ചിട്ടുണ്ട്.

അതൊക്കെ പൊതുചർച്ചയക്കാൻ എനിക്കൊരവസരം നിങ്ങളായി തന്നെ ഒരുക്കി തരുന്നതിൽ സത്യസന്ധമായി പറഞ്ഞാൽ ഏറെ സന്തുഷ്ടനാണ് ഞാൻ.

അത് കൊണ്ട് ഉടനേ തന്നെ കേസ് കൊടുക്കാൻ നിങ്ങളോട് ഞാൻ ആവശ്യപ്പെടുന്നു.

നടപടി നോട്ടീസിൽ ഒതുക്കാതെ നിങ്ങൾ ശരിക്കും കേസ് കൊടുക്കും എന്ന് ഞാൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

അതിനിടെ ഒരു മധ്യസ്ഥത്തിനും ഒത്തുതീർപ്പിനും ഞാൻ ഒരുക്കമല്ലെന്ന് ഇപ്പോളെ നിങ്ങളെ അറിയിക്കുന്നു.

സത്യം പറഞ്ഞതിന്റെ പേരിൽ ഞാൻ മാപ്പ് പറയുക പോയിട്ട് ഖേദം പ്രകടിപ്പിക്കുക പോലുമില്ല.

പറഞ്ഞതിൽ നിന്ന് ഒരു വരി പോലും ഞാൻ പിൻവലിക്കാൻ പോവുന്നുമില്ല.

ബാക്കി നമുക്ക് കോടതിയിൽ കാണാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button