Kerala

ശബരിമല വിഷയം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല

ശബരിമല വിഷയത്തില്‍ ആചാരലംഘനം നടത്തിയതിന് മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പു പറയണമെന്ന് രമേശ് ചെന്നിത്തല. അത് ചെയ്യാതെ ശബരിമലയില്‍ സര്‍ക്കാര്‍ നടത്തുന്ന ‘ആഗോള അയ്യപ്പ സംഗമം’ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ നാടകമാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു. ”ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തിയാണ് പിണറായി സര്‍ക്കാര്‍ യുവതി പ്രവേശനത്തിന് വഴിയൊരുക്കിയത്.

ഇതിലൂടെ കേരളത്തിലെ മുഖ്യമന്ത്രി വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ശബരിമലയെ കലാപ കലുഷിതമാക്കുകയും ചെയ്തു. ശബരിമലയില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് കയറ്റണമെന്ന് വാശിപിടിച്ചത് മുഖ്യമന്ത്രിയാണ്. ഈ തെറ്റിന് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. തിരുത്തിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ശബരിമലയില്‍ വരുന്ന ഭക്തരെ ‘പ്രിവിലേജ്ഡ് ക്ലാസ്സ്’ എന്ന് തരം തിരിക്കാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. ”ജാതിമതഭേദമന്യേ എല്ലാവരും അയ്യപ്പന്റെ സന്നിധിയില്‍ ഒരുപോലെയാണ്. അവിടെ ജാതിയോ മതമോ പ്രിവിലേജോ ഇല്ല. അതാണ് ശബരിമലയുടെ പ്രത്യേകത. ആയിരക്കണക്കിന് ഭക്തര്‍ക്കെതിരെ നാമജപ ഘോഷയാത്ര നടത്തിയതിന്റെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്നും മുഖ്യമന്ത്രി വ്യക്തമാക്കണം.” – ചെന്നിത്തല ആവശ്യപ്പെട്ടു.

യു.ഡി.എഫ് സര്‍ക്കാരാണ് ശബരിമലയില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നിലവിലെ സര്‍ക്കാരിന്റെ നിലപാടുകള്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. ഭക്തജനങ്ങളെ കബളിപ്പിക്കാനും വഞ്ചിക്കാനുമുള്ള ഈ ശ്രമം കേരളത്തിലെ ജനങ്ങള്‍ പൂര്‍ണമായി തിരിച്ചറിയുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്തതിന് എനിക്കും ഉമ്മന്‍ചാണ്ടിയും അടക്കം ഉള്ളവര്‍ക്കെതിരെ കേസ് ഉണ്ടായിരുന്നു. അവസാനം റാന്നി കോടതി ആണ് അത് തള്ളിയത്. ഭക്തജനങളുടെ വികാരം വ്രണപ്പെടുത്തിയ സര്‍ക്കാരാണിത്. അതില്‍ ജനങ്ങളോട് മാപ്പു പറയാതെ എന്തു കാണിക്കുന്നതും തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് – ചെന്നിത്തല പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button