KeralaNews

ശബരിമല സ്വർണക്കൊള്ള ; വീണ്ടും നിര്‍ണായക അറസ്റ്റ്, സ്മാർട്ട് ക്രിയേഷൻ സിഇഒയും ബെല്ലാരി ഗോവർധനും അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റ് നടത്തി പ്രത്യേക അന്വേഷണ സംഘം.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണംവാങ്ങിയ ബെല്ലാരി ഗോവർധനനുമാണ് അറസ്‌റ്റിലായത്. ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനിയാണ്. ശില്പലങ്ങളിൽ നിന്ന് വേർതിരിച്ച സ്വർണം വാങ്ങിയത് ഗോവർധനനും. പോറ്റിയും ഭണ്ഡാരിയും തമ്മിൽ അടുത്ത ബന്ധമാണെന്നാണ് വിവരം.ശബരിമലയില്‍ നിന്നും കടത്തിക്കൊണ്ടുപോയ സ്വർണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ചാണ് സ്വർണം വേർതിരിച്ചെടുക്കുന്നത്. വേർതിരിച്ച സ്വർണം കല്‍പ്പേഷ് എന്ന ഇടനിലക്കാരൻ വഴി ഗോവ‍ർദ്ധനന് കൊടുത്തു എന്നാണ് എസ്ഐടി കണ്ടെത്തല്‍. ബെല്ലാരിയില്‍ നടന്ന തെളിവെടുപ്പില്‍ 800 ഗ്രാമിലധികം സ്വർണം ഗോവർദ്ധന്‍റെ ജ്വല്ലറിയില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതിന് ശേഷം തന്ത്രിയുടെ മൊഴി എടുത്തപ്പോൾ തന്ത്രി പറഞ്ഞത് ഗോവർദ്ധനുമായി അടുത്ത ബന്ധമുണ്ടെന്നും ജ്വല്ലറിയില്‍ പോയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയാണ് പരിചയപ്പെടുത്തിയതെന്നുമാണ്.

സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യമാണ് ശബരിമല സ്വര്‍ണക്കൊള്ളയെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്. എസ്ഐടിക്കെതിരെയും കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കേസ് അന്വേഷണത്തിൽ അലംഭാവം കാണിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. ചില പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ അന്വേഷണ സംഘം കാണിക്കുന്ന കാലതാമസത്തിലും അലംഭാവത്തിലും അതൃപ്തി രേഖപ്പെടുത്തികൊണ്ടാണ് കോടതിയുടെ മുന്നറിയിപ്പ്. അന്വേഷണം ഉന്നതരിലേക്ക് നീങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ദേവസ്വം ബോ‍ർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാ‍ർ എന്നിവരെ പ്രതിചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button