News

ഒരു ജില്ലയിൽ നിന്നും 50 പേർ; കേരളീയത്തിൽ പങ്കെടുക്കാൻ റവന്യൂ വകുപ്പിൻ്റെ ടാർ​ഗറ്റ്

കൊച്ചി: കേരളീയം പരിപാടിയിൽ പങ്കെടുക്കാൻ ടാർഗറ്റ് നിശ്ചയിച്ച് റവന്യൂ വകുപ്പ്. രണ്ടാം തീയതി നടക്കുന്ന പരിപാടികളിൽ ഒരു ജില്ലയിൽ നിന്ന് 50 പേരെ പങ്കെടുപ്പിക്കാനാണ് നിർദേശം. യാത്രാ ചെലവ് സ്വയം വഹിക്കണമെന്നും റവന്യൂ വകുപ്പിൻ്റെ നിർദേശത്തിലുണ്ട്.അടുത്തമാസം ഒന്നു മുതൽ തലസ്ഥാനത്ത് നടക്കുന്ന കേരളീയം പരിപാടിയിൽ സെമിനാറുകൾ നടത്താൻ വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തിയിരുന്നു. സെൻട്രൽ സ്റ്റേഡിയത്തിൽ രണ്ടാം തീയതിയാണ് റവന്യൂ വകുപ്പിൻ്റെ സെമിനാർ നടക്കുന്നത്. അന്നേ ദിവസത്തെ കേരളീയം പരിപാടികളിൽ പങ്കെടുക്കാൻ ഓരോ ജില്ലയിൽ നിന്നും അമ്പത് പേർ വീതം വരണമെന്നാണ് ലാൻഡ്‌ റവന്യൂ കമ്മീഷണർ നൽകിയിരിക്കുന്ന നിർദേശം.

പൊതുജനങ്ങളെയും പങ്കെടുപ്പിക്കണമെന്ന് കാണിച്ച് കണ്ണൂർ ജില്ലയിലെ വില്ലേജ് ഓഫീസർമാർക്ക് അറിയിപ്പും ലഭിച്ചു.വില്ലേജ് തല ജനകീയ സമിതി അംഗം, സമീപകാലത്ത് പട്ടയം ലഭിച്ചവർ, വനിതകൾ, പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ, കലാസാംസ്കാരിക മേഖലയിലെ പ്രമുഖർ എന്നിവരെ പങ്കെടുപ്പിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. എന്നാൽ യാത്രാ ചെലവ് സ്വയം വഹിക്കണമെന്നും നിർദേശമുണ്ട്. അതേസമയം സ്വന്തം ചെലവിൽ പൊതുജനങ്ങളെ കൊണ്ടു പോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന് അമ്പത് വീതം ഉദ്യോഗസ്ഥർ പങ്കെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.സർക്കാരിന് സാമ്പത്തിക ബാധ്യത വരില്ലെങ്കിലും സെമിനാറിന് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്താൻ നൽകിയ നിർദേശം റവന്യൂ വകുപ്പിൽ കൂട്ട അവധിക്കും കാരണമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button