News

വാഹന മോഡിഫിക്കേഷനിൽ ഇളവ്; അപകടകരമല്ലെങ്കിൽ അനുമതി നൽകുമെന്ന് മന്ത്രി

സംസ്ഥാനത്ത് അപകടകരമല്ലാത്ത രീതിയിലുള്ള വാഹന മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലെന്ന് ഗതാഗത മന്ത്രി സി. പി. ജോൺ നിയമസഭയിൽ വ്യക്തമാക്കി. അമിതമായ വെളിച്ചവും കാതടപ്പിക്കുന്ന ശബ്ദവും പുറപ്പെടുവിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ ഒരു കാരണവശാലും അംഗീകരിക്കില്ല. എന്നാൽ വാഹനത്തിന്റെ സുരക്ഷയെ ബാധിക്കാത്ത ഫിറ്റിങ്‌സുകൾ, കളർ കോഡ് മാറ്റങ്ങൾ, ബോഡിക്ക് പുറത്തേക്ക് അപകടകരമായി തുറിച്ചുനിൽക്കാത്ത തരത്തിലുള്ള ക്രാഷ് ഗാർഡുകളോ മറ്റ് സംവിധാനങ്ങളോ ഘടിപ്പിക്കൽ എന്നിവ അനുവദിക്കുന്നതിനെക്കുറിച്ച് സർക്കാർ വിശദമായി പരിശോധിച്ചുവരികയാണ്. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ നിലവിലുള്ള നിയമാവലികൾ പൂർണ്ണമായി പാലിച്ചുകൊണ്ടായിരിക്കും ഇതിൽ അന്തിമ തീരുമാനമെടുക്കുകയെന്നും സജി ചെറിയാൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി സഭയെ അറിയിപ്പിച്ചു.

ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള മറ്റ് ചില പ്രഖ്യാപനങ്ങളും മന്ത്രി നടത്തി. സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായി ഡ്രൈവിംഗ് നിയമങ്ങൾ ഉൾപ്പെടുത്തുന്നത് വിദ്യാഭ്യാസ മന്ത്രിയുമായി ആലോചിച്ച് നടപ്പാക്കും. പ്ലസ് ടു വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ വെച്ചുതന്നെ ‘പ്രീ-ലൈസൻസ് ലേണിംഗ്’ പരിശീലനം നൽകാനാണ് ആലോചിക്കുന്നത്. ഇത് വഴി വിദ്യാർത്ഥികൾക്ക് 18 വയസ്സ് പൂർത്തിയാകുമ്പോൾ തന്നെ എളുപ്പത്തിൽ ലൈസൻസ് സ്വന്തമാക്കാൻ സാധിക്കും. കെഎസ്ആർടിസിയുടെ നിയന്ത്രണത്തിൽ മാത്രം ഡ്രൈവിംഗ് സ്കൂളുകൾ ഒതുക്കാതെ, കൂടുതൽ ആളുകളെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ വിപുലമായ പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കെഎസ്ആർടിസിയിലെ വനിതാ സൗജന്യ യാത്രാ പദ്ധതി (പ്രിയദർശിനി പദ്ധതി) കാരണം സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിയെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി. പൊതുഗതാഗത രംഗത്തെ വലിയൊരു നിക്ഷേപക മേഖലയായാണ് സ്വകാര്യ ബസുകളെ കണക്കാക്കുന്നത്. അതുകൊണ്ടാണ് ബജറ്റിൽ ചരിത്രത്തിലാദ്യമായി സ്വകാര്യ ബസുകളുടെ നികുതി പകുതിയായി കുറച്ചത്. ഇതുവഴി ഒരു ബസിന് വർഷത്തിൽ 50,000 രൂപയുടെ വരെ ഇളവ് ലഭിക്കും. കെഎസ്ആർടിസി സൗജന്യ യാത്ര കാരണം സ്വകാര്യ ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതായി ഉടമകൾ അറിയിച്ചിട്ടുണ്ടെന്നും, ഈ പ്രതിസന്ധി മറികടക്കാൻ ആവശ്യമായ തുടനടപടികൾ ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button