KeralaNews

സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത ബസുകൾക്ക് രജിസ്‌ട്രേഷൻ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കാത്ത ബസുകൾക്ക് രജിസ്‌ട്രേഷൻ അുവദിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഫയർ അലാറവും തീ അണക്കാനുള്ള ഉപകരണങ്ങളും ഇല്ലാത്ത സ്‌കൂൾ ബസുകൾക്ക് വരെ രജിസ്‌ട്രേഷൻ നൽകിയെന്ന് കണ്ടെത്തിയിരുന്നു.

കേന്ദ്ര മോട്ടോർ വാഹന ചട്ടം 125 പ്രകാരം ടൈപ്പ് 3 കോൺട്രാക്ട് ക്യാരേജ് ബസുകൾക്കും സ്‌കൂൾ ബസുകൾക്കും തീ മുന്നറിയിപ്പ് ഉപകരണവും, തീ അണക്കാനുള്ള ഉപകരണവും നിർബന്ധമാണ്. എന്നാൽ ഈ സുരക്ഷാ സംവിധാനങ്ങൾ ഘടിപ്പിക്കാത്ത വാഹനങ്ങൾ പല ആർ.ടി.ഒ ഓഫീസുകളിലും രജിസ്റ്റർ ചെയ്തതായി എം.വി.ഡിയുടെ പ്രത്യേക പരിശോധനയിൽ കണ്ടെത്തി. 26 വാഹനങ്ങൾ വിവിധ ഓഫീസുകളിലായി രജിസ്റ്റർ ചെയ്തതിന്റെ രേഖകളും അത് ചെയ്ത ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങളും അടങ്ങുന്ന വിവരം അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഗതാഗത കമ്മീഷണർക്ക് കൈമാറി.

തുടർന്നാണ് ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ എല്ലാ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർമാർക്കും ഗതാഗത കമ്മീഷണർ എ.ഡി.ജി.പി എസ്.ശ്രീജിത്ത് നിർദേശം നൽകിയത്. ബസുകളുടെ രജിസ്‌ട്രേഷനും അസാധുവാക്കും. വാഹനങ്ങൾ തീപിടിക്കുന്നത് തുടർച്ചയായി ഉണ്ടായപ്പോഴാണ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തീ മുന്നറിയിപ്പ് ഉപകരണവും, അണക്കാനുള്ള ഉപകരണവും നിർബന്ധമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button