KeralaNews

വേടന്റെ പരിപാടിക്കായി ട്രെയിൻ പാളം മുറിച്ച് കടക്കാൻ ശ്രമിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

റാപ്പര്‍ വേടന്റെ പരിപാടിയിലേക്ക് പങ്കെടുക്കാന്‍ വേണ്ടി പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ച് ട്രെയിന്‍ തട്ടിയ യുവാവ് മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദ(19)ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കയാണ് ശിവാനന്ദ മരിച്ചത്. ട്രെയിന്‍ ഇടിച്ച മറ്റൊരു യുവാവ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബേക്കല്‍ ബീച്ച് ഫെസ്റ്റിനിടെയാണ് അപകടം.

പരിപാടി നടക്കുന്ന സ്ഥലത്തേക്ക് വരാന്‍ വേണ്ടി പാളം മുറിച്ച് മതില്‍ച്ചാടി കടക്കാന്‍ ശ്രമിക്കവേയാണ് ദാരുണ സംഭവമുണ്ടായത്. അതേസമയം പരിപാടിയില്‍ തിക്കിലും തിരക്കിലുംപെട്ട് കുട്ടികള്‍ അടക്കം 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശാരീരിക അസ്വസ്ഥത നേരിട്ടതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആശുപത്രി വിട്ടു. ടിക്കറ്റുള്ള പരിപാടിയായിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ പരിപാടിക്കെത്തുകയായിരുന്നു.

സദസിന് മുന്‍ഭാഗത്തേക്ക് ബാരിക്കേഡ് മറികടന്ന് ആള്‍ക്കാര്‍ ഇടിച്ചുകയറിയതാണ് തിക്കിനും തിരക്കിനും ഇടയാക്കിയത്. പരിപാടിക്ക് 25000ത്തിലധികം ആളുകള്‍ കയറിയെന്നാണ് പൊലീസിന്റെ അനൗദ്യോഗിക കണക്ക്. നേരത്തെ കാസര്‍കോട് നടന്ന ഹനാന്‍ ഷായുടെ പരിപാടിക്കിടയിലും സമാന രീതിയില്‍ തിക്കിലും തിരക്കിലുംപെട്ട് അപകടമുണ്ടായിരുന്നു. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം നടന്ന പ്രദര്‍ശനമേളയില്‍ നടന്ന അപകടത്തില്‍ 20ഓളം പേരെയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button